അത്രമേൽ ഹൃദയത്തോട് ചേർന്ന ഒരാൾക്കൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യയുടെ ഓർമ ദിനത്തിൽ കബറിടത്തിലേയ്ക്ക് ആദ്യമായ് യാത്ര പോയത് പകൽ മഴയിൽ കുളിർന്ന് പോയ ഒരു ജൂൺ മാസത്തിലായിരുന്നു. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലേക്ക് പ്രവേശിക്കുന്നിടം വരെ മങ്ങിയ വെളിച്ചം വഴികാട്ടിയായി..
കോളേജ് ഗേറ്റ് പിന്നിട്ട് പിന്നെയും ഉള്ളിലേയ്ക്ക് കുറെ ദൂരം സഞ്ചരിച്ച് ഇടത് വശത്തെ വീതി കുറഞ്ഞ വഴിയിലേയ്ക്ക് കാർ തിരിഞ്ഞപ്പോഴേക്കും കാറ്റും മഴയും ഇരുട്ടും ഒന്നിച്ചെത്തി. മരക്കൂട്ടങ്ങൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ മുന്നോട്ട് പോകെ അസ്വസ്ഥത തോന്നി. അതിവിശാലമായ ഭൂമിയുടെ ഉൾപ്പടർപ്പിൽ അങ്ങകലെയാണ് കോളേജ് എന്നറിയാം. ഗവേഷണ കാലത്തെ സഹപാഠി ബർസർ പദവിയിലിരിക്കെ അവിടെ സന്ദർശിച്ചതോർക്കുന്നു..
സിമിത്തേരിയും കുഴിമാടങ്ങളും ഒരു നാളും എന്ന ഭയപ്പെടുത്തിയിട്ടില്ല. കോൺവെൻ്റിൽ പഠിക്കുമ്പോൾ തൊട്ടടുത്ത ലത്തീൻ പള്ളിയിലെ വിശാലമായ സിമിത്തേരിയിലെ കല്ലറകൾക്ക് മുകളിലൂടെ ഒഴിവ് നേരത്ത് ഞങ്ങൾ ഓടിക്കളിച്ചിരുന്നു.. ശ്മശാനത്തിൻ്റെ ഒത്ത നടുവിലുള്ള പൊട്ടക്കിണറ്റിൽ എത്തി നോക്കാൻ വല്ലാതെ മത്സരിച്ചിരുന്നു. മാവേലിക്കരയിൽ അമ്മ വീടിന് ചാരെയുള്ള പൂവണ്ണാപ്പള്ളി വളപ്പിലെ കല്ലറകൾക്ക് മേലിരുന്ന് പുളിങ്കുരു തെറ്റിച്ച് കളിച്ചിരുന്നു. അവയുടെ നിഗൂഢ സത്യങ്ങൾ തിരഞ്ഞ് പോകാൻ അന്ന് കൗതുകം തോന്നിയില്ല.
എന്നാൽ ഇവിടെ – റിബൺ പോലെ വീതി കുറഞ്ഞ ചെമ്മൺ പാതയ്ക്കിരുവശത്തും തിങ്ങി നിറഞ്ഞ് റബർ മരങ്ങളാണ്. ആളനക്കമില്ല.വെളിച്ചത്തരികളില്ല .ഇരുണ്ട ആകാശം..ഇരുളടഞ്ഞ ഭൂമി. പണ്ടേതോ സിനിമയിൽ കണ്ട പ്രേതഭൂമിയുടെ ഭൂപടം മുന്നിൽ നിവർന്നു. അപരിചിതമായ കാറ്റ് .അപരിചിതമായ മൃതഗന്ധം..വീർപ്പുമുട്ടലുണ്ടാക്കുന്ന അന്തരീക്ഷം.
മഴപ്പെയ്ത്തിന് ശക്തി കൂടി. കുടയ്ക്കൊപ്പം ചെറിയ ടോർച്ചും വണ്ടിയിൽ കരുതിയിരുന്നു. കരിയിലകൾ മൂടിയ വഴിയിലേയ്ക്ക് ഇറങ്ങാൻ ഭയന്ന് ഞാൻ കാൽ പിന്നോട്ട് വലിച്ചു. അതിരില്ലാ ഭൂമിയിൽ എങ്ങാണ്ടൊരിടത്ത് ഒളിപ്പിച്ചത് പോലെ ഇത്തിരിയോളം പോന്ന സിമിത്തേരിയോ , ആത്മാക്കൾക്ക് ശ്വാസം മുട്ടില്ലേ, അവർ സായാഹ്നസവാരിക്കിറങ്ങുമ്പോൾ പരസ്പരം കൂട്ടിമുട്ടില്ലേ?
” സഭയ്ക്ക് നഗരത്തിൽ സിമിത്തേരി ഇല്ലായിരുന്നു.. ദൂരെ മലമുകൾ എന്ന സ്ഥലത്താണ് അടക്കിയിരുന്നത്. ആർച്ച് ബിഷപ്പായിരുന്ന ബനഡിക്ട് മാർ ഗ്രിഗോറിയസ് തിരുമേനിക്ക് എന്നോട് പ്രത്യേക വാത്സല്യമായിരുന്നു. ആ ധൈര്യത്തിൽ അഞ്ച് സെൻ്റ് ചോദിച്ചു , തന്നു. കുറച്ചു കൂടി ചോദിച്ചാലും കിട്ടിയേനെ എന്ന് പിന്നീട് പലരും പറഞ്ഞു. ചോദിക്കുന്നവനും വേണ്ടേ ഔചിത്യം? തുടങ്ങി വച്ചത് നമ്മളാണെങ്കിലും പിന്നാലെ മറ്റ് സഭക്കാർക്കും ഇടം കിട്ടി..” (ഉന്നത വിദ്യഭ്യാസ സെകട്ടറിയോട് മതമേലധ്യക്ഷന്മാർക്ക് വാത്സല്യ മുണ്ടാകുക സ്വാഭാവികം. സ്കൂൾ, കോളേജ് ,കോഴ്സുകൾ ഏതാവും പുതുതായി അനുവദിച്ചിരിക്കുക? സന്ദർഭത്തിൻ്റെ ഔചിത്യം ഓർത്ത് ഞാനും ചോദിച്ചില്ല…)
അന്നാ ബാബു പോൾ എന്ന് പേരെഴുതിയിട്ടുള്ള കല്ലറയ്ക്ക് ചുറ്റുമുണ്ടായിരുന്ന പാഴ് ചെടികൾ തലേന്നേ വെട്ടിത്തെളിച്ചിരുന്നു.
രാവിലെ ആരോ വച്ച പൂക്കൾ നനഞ്ഞമർന്നു കിടന്നു. അതിനുള്ളിൽ നിത്യനിദ്രയിലാണ്ട സ്ത്രീ. അപരിചിതയാണ് എനിക്ക്.
ഒരു രാജ്ഞിയെപ്പോലെ സംരക്ഷിക്കപ്പെട്ട ,സ്നേഹിക്കപ്പെട്ട ഭാഗ്യവതിയാണെന്നറിയാം. അവരെ പെണ്ണ് കണ്ട നിമിഷം തൊട്ട് ഭൂമിയിൽ നിന്ന് യാത്രയായ നിമിഷം വരെയുള്ള കഥകൾ ഹൃദിസ്ഥമാണെന്നാലും..
കുടക്കീഴിൽ തൊട്ടുപിന്നിൽ നിന്നയാളുടെ ഹൃദയമിടിപ്പിൻ്റെ മുറിഞ്ഞ താളം എനിക്കപ്പോൾ വ്യക്തമായി കേൾക്കാമായിരുന്നു. മുപ്പത്തിയഞ്ച് വർഷം ജീവിതം പങ്കുവച്ച ഒരാൾ തനിച്ചുറങ്ങുന്ന ഇടം. തൂവാല കഷണം കൊണ്ട് ആ മുഖം ഉറ്റ ബന്ധുക്കൾ എന്നേയ്ക്കുമായി മറച്ചപ്പോൾ മനസ്സിടറി ആലംബമറ്റ് അഭയത്തിനായ് ചാരിയത് ഏറെക്കാലം ഡ്രൈവറായി ഒപ്പമുണ്ടായിരുന്ന സുകു എന്നയാളുടെ തോളത്തേയ്ക്കാണ്. ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ ജോലി ചെയ്തിരുന്ന സുകു എന്നെ കാണുമ്പോഴൊക്കെ അത് പറഞ്ഞ് പിന്നീട് എത്രയോ തവണ കരഞ്ഞിരുന്നു.
ഓർമകളുടെ ഉഷ്ണക്കാറ്റ് എൻ്റെ പിൻകഴുത്തിൽ നിശ്വാസങ്ങളായി തുരുതുരെ പതിഞ്ഞപ്പോൾ എന്ത്, എങ്ങനെ പറയണമെന്നറിയാതെ ഞാൻ കൈകൾ കൂപ്പി നിന്നു.
” കുറച്ച് നേരം തനിയെ പ്രാർത്ഥിക്കൂ .ഞാൻ കാറിലിരിക്കാം ” ഞാൻ മഴയിലേയ്ക്കിറങ്ങി…
2000 ജൂൺ ആറ്.
രാവിലെ മുതൽ മഴപ്പെയ്ത്താണ്.
ബാബുപോൾ സാറിൻ്റെ ഭാര്യയുടെ മരണം അറിയിച്ച സഹപ്രവർത്തകൻ ചോദിച്ചു ,
“പോകണ്ടേ നമുക്ക് , സാറിനെ കാണണ്ടേ “
നാട്ട് നടപ്പനുസരിച്ച് പോകേണ്ടതാണ് മുഖദാവിൽ കണ്ട് ദു:ഖം അറിയിക്കേണ്ടതാണ്. വഴിയും വീടും അന്വേഷിച്ചറിഞ്ഞു.
പക്ഷേ നശിച്ച മഴ… അതിനാൽ പോകാനായില്ല.
ഓഫീസിലേയ്ക്കുള്ള വഴിയിൽ സെക്രട്ടേറിയറ്റിൻ്റെ തൊട്ടടുത്തുള്ള യാക്കോബായ പള്ളിയിൽ ആൾക്കൂട്ടം.
അന്ത്യദർശനം അവിടെയുണ്ടെന്നറിഞ്ഞ് ഞാനും ആൾക്കൂട്ടത്തിനൊപ്പം ചേർന്നു..
മറ്റൊരു ദിവസം ….
പെരുമ്പറ കൊട്ടി ചെയ്യുന്ന മഴ കണ്ട് ഓഫീസിലിരുന്ന അപരാഹ്നത്തിൽ ഔദ്യോഗികമായിട്ടല്ലാതെ ഒരിക്കലും വിളിച്ചിട്ടില്ലാത്ത ഒരാളുടെ തളർന്ന ശബ്ദം ഫോണിൽ കേട്ട് ഞാൻ വിസ്മയിച്ചു പോയി.
” ഇന്നും മഴ തന്നെ. അകത്ത് വെള്ളം ഇറങ്ങിയിട്ടുണ്ടാകുമോ എന്തോ … “
ഫോണിൻ്റെ മറുതലയ്ക്കൽ ഒരു പക്ഷി തളർച്ചയോടെ തൂവൽ കുടയുന്നു. ഉത്തരവുകളും നിർദ്ദേശങ്ങളും മാത്രം നൽകാറുള്ള പരിചിത ശബ്ദത്തിന് ഗാംഭീര്യം തീരെയില്ല. ശ്വാസം ഉള്ളിലടക്കിപ്പിടിച്ച് നിശബ്ദമായിരുന്നു ഞാൻ. തോരാമഴയത്ത് കണ്ണീർ വാർക്കുന്ന ഖബറുകളെപ്പറ്റി അന്നോളം ഞാൻ ചിന്തിച്ചിരുന്നില്ല..
ഒന്നിച്ചുള്ള നീണ്ട യാത്രയ്ക്കിടെ തനിച്ചാക്കപ്പെട്ടയാളുടെ സന്ദേഹം മാത്രമാണതെന്ന് അറിയാം. അടുത്ത ബന്ധുക്കളെല്ലാം കൈയ്യകല ത്തുണ്ടായിട്ടും ഏകാകിയുടെ ശബ്ദം എന്നെത്തിരഞ്ഞെത്തിയതെന്താവും? മറ്റാരെയോ വിളിച്ച കോൾ തെറ്റി വന്നതാവുമോ ?
പിന്നീടെപ്പോഴോ ചോദിച്ചപ്പോൾ ആലോചനയോടെ മറുപടി തന്നു…
” ഒരിറ്റ് അലിവിനായ് പരതുകയായിരുന്നു മനസ്സ്. മരണവീട് എത്ര പെട്ടെന്നാണ് ആഹ്ളാദാരവങ്ങളിലേയ്ക്ക് വഴുതി വീണത് ? ഉപചാരവാക്കുകളുമായി അടുത്തുകൂടിയവർ എന്നെ കണ്ടില്ല. സഹതാപനാടകം കണ്ട് മടുത്തിരുന്നു. അപ്പോഴോർത്തു എഴുത്തുകാർക്ക് ഭൂതദയയേറുമല്ലോന്ന്…”
അന്ന് അത്താഴ മേശയിലെ വരണ്ട മൗനത്തിനിടെ ഞാൻ എൻ്റെ ഭർത്താവിനോട് ചോദിച്ചു. ” ജീവിത സായാഹ്നത്തിൽ പങ്കാളികളിൽ ആദ്യം വിട പറയേണ്ടത് ആര്…?”
” ഭർത്താവ്.. ”
എൻ്റെ നിശബ്ദത മനസ്സിലാക്കിയാവണം ന്യായവും പറഞ്ഞു വച്ചു..
” വയസ്സാംകാലത്ത് മക്കളോട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക വൻ ദുരന്തമാണ്….”
“സ്ത്രീകളോ ?”
“സഹജവാസന കൊണ്ട് കുറെക്കൂടി പൊരുത്തപ്പെട്ടേക്കാം. ” ലാഘവത്തോടെ ഭർത്താവ് തൻ്റെ നിലപാട് വ്യക്തമാക്കി.
ശരിയെന്നും തെറ്റെന്നും പറയാൻ കഴിഞ്ഞില്ല എനിക്ക്.
പതിന്നാലാം പക്കം ഫോണിൽ പറഞ്ഞു നിർത്തിയതിൻ്റെ ബാക്കിയെന്ന പോലെ മുഖവുരയില്ലാതെ കേട്ടു .
“നിങ്ങടെ നാട്ടിലാണ് ,ആലപ്പുഴയിൽ. ആത്മഹത്യ ചെയ്തെന്ന് കരുതിയ സ്ത്രീയുടെ ശരീരം പതിന്നാലാം നാൾ പുറത്തെടുത്ത് റീപോസ്റ്റ്മോർട്ടം ചെയ്ത് ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന് സാക്ഷിയാവേണ്ടി വന്നു. സബ് കലക്ടറാണ് അന്ന് അവിടെ. അടുത്തേയ്ക്ക് ചെല്ലരുതെന്ന് പോലീസുകാർ വിലക്കിയിട്ടും ചുമതലയിൽ നിന്നും പിന്മാറിയില്ല. ഓർമ വരുന്നു, എല്ലാം എല്ലാം … ”
പ്രിയപ്പെട്ടവരുടെ മൃതശരീരത്തിൻ്റെ അവസ്ഥാന്തരങ്ങളെക്കുറിച്ചുള്ള കറുത്ത ഓർമകൾ ഖേദകരമാണ്. അതിന് പിന്നാലെ മനസ്സ് സദാ അലയാൻ വിടുന്നത് അതിലേറെ സങ്കടം. ദൈവശാസ്ത്ര പാണ്ഡിത്യവും ആദ്ധ്യാത്മികതയുടെ അടിത്തട്ടും വാരിച്ചൊരിയപ്പെടുന്ന അലങ്കാര പ്രയോഗങ്ങളും ഒരു ബുദ്ധിമാനെയും ഇത്തരം സന്ദർഭങ്ങളിൽ തുണക്കില്ല. മനുഷ്യൻ എത്ര നിസ്സാരനാണ്, എത്ര നിസ്സഹായനാണ് !
എന്നോ ഒരു ജൂൺ ആറാം തീയതി
സിമിത്തേരിയിൽ നിന്നുള്ള മടക്കയാത്രയിൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ പറഞ്ഞതോർക്കുന്നു.
“എനിക്ക് ശാന്തികവാടമാണ് പഥ്യം. ഒറ്റനിമിഷംകൊണ്ട് എല്ലാം കഴിയും. അന്ത്യനിമിഷങ്ങളിൽ മധുവിൻ്റെ ( കവി വി.മധുസൂദനൻ നായർ ) ശബ്ദത്തിൽ ദൈവദശകം കൂടി ചൊല്ലി കേട്ടാൽ മരണം എത്ര സുന്ദരമായേനെ…
പരിശുദ്ധ പാത്രിയാർക്കിസ് ബാവ വിശാലഹൃദയനാണ്…. ”
വിശ്വാസങ്ങളും ആചാരങ്ങളും കടും കെട്ടുകളാണ്, കൺകെട്ടുകളാണ്. ഈശ്വരന് പോലും ചുമ്മാ നോക്കി നിൽക്കാനല്ലേ കഴിയൂ.
പിന്നെയും മുടങ്ങാതെ ഞങ്ങൾ നനഞ്ഞ എത്രയോ ജൂൺ മഴകൾ. കർക്കിടക വാവിൻ്റെ തലേന്നത്തെ ഓർമപ്പെടുത്തലുകൾ.
” നിനക്ക് വിശ്വാസമില്ലെങ്കിൽ വേണ്ട. കുഞ്ഞുങ്ങളെ ഞാൻ കൊണ്ടു പൊയ്ക്കൊള്ളാം , ശംഖുമുഖത്തെ ബലിതർപ്പണത്തിന്, അവർക്ക് വിശ്വാസമുള്ള കാലത്തോളം ..”
2018 ജൂൺ 6
പുതിയ കാർ ഡെലിവറിക്ക് തയ്യാറെന്ന് തലേന്നാൾ അറിഞ്ഞതിൻ്റെ ത്രില്ലിലായിരുന്നു ഞാൻ. ഷോറൂമിൽ വിളിച്ച് സമയം ഉറപ്പിച്ചു. താക്കോൽ ഏറ്റു വാങ്ങുന്നതും വണ്ടി പുറത്തേക്കിറക്കുന്നതും ബാബുപോൾ സാറാണ്. അതാണ്പതിവ്.
യന്ത്രങ്ങളുടെ കാര്യത്തിൽ ദൈവാധീനം സാറിന് നിർബ്ബന്ധമാണ്. രാവിലെ പള്ളിയിൽ പോയി വന്ന ഉടൻ എന്നെയും കൂട്ടി ഷോറൂമിലെത്തി. സാറിനെ വരവേൽക്കാൻ പോത്തൻസ് കുടുംബാംഗങ്ങളും ജീവനക്കാരും കാത്ത് നിന്നിരുന്നു.
സാർ പ്രാർത്ഥനയോടെ താക്കോൽ ഏറ്റുവാങ്ങി ടയറുകൾക്ക് നാരങ്ങാനീര് നൽകി കാർ മുന്നോട്ടെടുത്തു..
വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ഭാവവ്യത്യാസമേതുമില്ലാതെ രാവിലത്തെ പ്രത്യേക കുർബ്ബാനയുടെ
വിശേഷം പറഞ്ഞത്. ഒരു നിമിഷം പ്രജ്ഞയിൽ മിന്നലുണ്ടായി. ഇന്നാണ് ആ ദിവസം.. ഞാനത് മറന്നു പോയിരുന്നു.
വണ്ടി ഒരു ദിവസം കഴിഞ്ഞ് എടുത്താൽ മതിയായിരുന്നു. എനിക്ക് വല്ലായ്മ തോന്നി. ഈ ദിവസം മറക്കാൻ പാടില്ലായിരുന്നു…
എൻ്റെ മൗനം ഒരു പൊട്ടിച്ചിരിയാൽ തകർത്തു.
“നീ മറന്നു പോയതല്ലേ , സാരമില്ല.. വൈകുന്നേരം സിമിട്രിയിലേക്ക് പുതിയ കാറിൽ പോയേക്കാം…..”
അന്നും മഴയായിരുന്നു. പുതിയ വാഹനത്തിൻ്റെ കന്നിയാത്ര സിമിത്തേരിയിലേയ്ക്കായിരുന്നു. ഞങ്ങൾ ഒന്നിച്ചുള്ള അവസാന യാത്രയായിരുന്നു അത്. വഴി നീളെ കണ്ട അമ്പലങ്ങൾക്ക് മുന്നിലും കുരിശടികളിലും കാർ നിർത്തിച്ചു. കാണിക്കവഞ്ചിയിൽ നാണയത്തുട്ടുകൾ നിക്ഷേപിച്ചു..
കോളേജ് ഗേറ്റ് കടന്ന് മുന്നോട്ട്. സിമിത്തേരിയിലേയ്ക്കുള്ള വഴി അപ്പോഴേയ്ക്കും ചിരപരിചിതം. വഴിയോരത്ത് പുതിയ കെട്ടിടങ്ങൾ ,എഞ്ചിനീയറിംഗ് കോളേജ്. സന്ധ്യ ചാഞ്ഞതിനാലാവാം വഴി വിജനമാണ്. വനാന്തർഭാഗത്തേയ്ക്കെന്ന പോലെ ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ കാറോടിക്കവെ കാറ്റും മഴയും കുശലം ചോദിച്ചെത്തി. മരച്ചില്ലകൾ ഉലഞ്ഞാടി.. ശ്മശാനത്തിനരികെ വണ്ടി ഒതുക്കി ജാള്യത്തോടെ ഞാൻ പറഞ്ഞു.
” കുട എടുത്തില്ല …. ”
” സാരമില്ല. നമുക്ക് മഴ കാണാം ”
കാറിൻ്റെ കണ്ണാടിച്ചില്ലിൽ പെരുമഴ ത്തുള്ളികൾ ചിത്രം വരഞ്ഞു. വൈപ്പറുകൾ വാശിയോടെ ജലകണങ്ങളെ വകഞ്ഞു മാറ്റി..
നനയാതെ നനഞ്ഞ ആദ്യത്തെയും ഒടുവിലത്തെയും മഴയോർമകൾ വസൂരി വടുക്കൾ പോലെ ഒരു നാളും മായാതെ…