തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. നിലവിൽ 139.85 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി തുടരുന്നു. നാലായിരത്തോളം ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.
തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് മാറ്റമില്ലാതെ തുടരുന്നു. 556 ഘന അടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്. കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ റൂൾ കർവ് പരിധി 141 അടിയാണ്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.58 അടിയായി. റെഡ് അലർട്ട് പരിധിയായ 2399.03 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ ഡാം തുറക്കാനുള്ള നടപടികൾ സ്വീകരിക്കും.