കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് സെപ്റ്റംബറിൽ അഞ്ചു ദശലക്ഷം ദീനാർ ലാഭമുണ്ടാക്കിയതായി മാനേജ്മെൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2019 സെപ്റ്റംബറിൽ പത്തു ദശലക്ഷം ദീനാർ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർവിസുകൾ നിലച്ചതിനാൽ കനത്ത നഷ്ടം നേരിട്ടു. കോവിഡ് സാഹചര്യം മെച്ചപ്പെട്ട് വിമാന സർവിസുകൾ സജീവമായത് ഇൗ വർഷം ആഗസ്റ്റ് മുതലാണ്.
വിമാനത്താവളം തുറന്നതും ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിലായതുമാണ് സെപ്റ്റംബറിലെ ലാഭത്തിനു കാരണം. സർവിസ് മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി. നഷ്ടത്തിലുള്ള കമ്പനി 2021 വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലിരിക്കെയാണ് കോവിഡ് പ്രതിസന്ധി എത്തുന്നത്.
യാത്രക്കാരുടെ എണ്ണത്തിൽ 2019ൽ കുതിപ്പുണ്ടായിരുന്നു. പിന്നീടാണ് കോവിഡ് വരുന്നത്. അടുത്ത വർഷവും കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.