വളരെപ്പെട്ടെന്ന് തന്നെ പകരുന്ന രോഗമാണ് നോറോ.കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ വേണം നോറോ വൈറസിനെ അകറ്റി നിര്‍ത്താന്‍.വ്യക്തി ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്.
ആഹാരത്തിനു മുന്‍പും ടോയ്ലറ്റില് പോയ ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡെങ്കിലും നന്നായി കഴുകണം. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് നോറോ വൈറസ് പ്രധാനമായി പകരുന്നത്. പരിസര ശുചിത്വത്തിനും വലിയ പ്രാധാന്യം നല്‍കണം.
കിണര്‍, മറ്റു കുടിവെള്ള സ്രോതസുകള്‍, വെള്ളം ശേഖരിയ്ക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. ഗാര്‍ഹികാവശ്യങ്ങള്‍ക്കും വൃക്തിശുചിത്വത്തിനും ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രമേ ഉപയോഗിക്കാവൂ. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കണം.
പഴങ്ങളും പച്ചക്കറികളും പലതവണ കഴുകി വേണം ഉപയോഗിക്കാന്‍. തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. കടല്‍ മത്സ്യങ്ങളും ഞണ്ട്, കക്ക തുടങ്ങിയവയും നന്നായി പാകം ചെയ്തു മാത്രമേ കഴിക്കാവൂ.കടല്‍ മത്സ്യങ്ങള്‍ നന്നായി വൃത്തിയാക്കിയ ശേഷം കൃത്യമായി വേവിച്ച് വേണം ഭക്ഷിക്കാന്‍.
വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടില്‍ വിശ്രമിക്കണം. ഒ.ആര്.എസ്. ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. രോഗംമാറി രണ്ട് ദിവസം വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ടുദിവസം കഴിഞ്ഞുമാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.