പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലെങ്കിലും ദർശനത്തിന് അവസരം നൽകും. എരുമേലിയിലും പത്തനംതിട്ടയിലും സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഉറപ്പാക്കുമെന്നും തിരിച്ചറിയിൽ രേഖ നൽകിയാൽ ദർശനം ഉറപ്പാക്കുമെന്നും എൻ വാസു വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിംഗില്‍ ഉടന്‍ തീരുമാനമെടുക്കണം. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്കൊപ്പം പാസ്പോര്‍ട്ടും ബുക്കിംഗിനായി ഉപയോഗിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
അതിനിടെ ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങള്‍ പോലീസ് ശക്തിപ്പെടുത്തി. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പോലീസ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോര്‍ഡിനേറ്ററും ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരി ജോയിന്റ് പോലീസ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും. സന്നിധാനം, പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടന കാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.