ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് മണിക്കൂർ പങ്കെടുക്കുന്ന പരിപാടിക്കായി മധ്യപ്രദേശ് സർക്കാർ ചെലവഴിക്കുന്നത് 23 കോടിരൂപയെന്ന് കണക്കുകൾ. ജംബൂരി മൈതാനിയിൽ നവംബർ 15 ന് ഭഗവാൻ ബിർസ മുണ്ടയുടെ സ്മരണയ്ക്കായി മധ്യപ്രദേശ് സർക്കാർ ജൻജാതിയ ഗൗരവ് ദിവസ് സംഘടിപ്പിക്കുന്നുണ്ട്. മധ്യപ്രദേശിലെ ഗോത്രവർഗക്കാരെ കൈയിലെടുക്കാൻ സംസ്ഥാന സർക്കാറൊരുക്കിയ ഈ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മധ്യപ്രദേശിലെത്തുന്നത്. ഇതിന് പുറമെ രാജ്യത്തെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷനും ചടങ്ങിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ജംബൂരി മൈതാനത്തിലൊരുക്കിയ വേദിയിൽ നടക്കുന്ന പരിപാടിയിൽ രണ്ട് ലക്ഷം ആദിവാസികൾ പങ്കെടുക്കുമെന്നാണ് ശിവരാജ് സിങ് ചൗഹാൻ സർക്കാർ അവകാശപ്പെടുന്നത്. വേദി മുഴുവൻ ഗോത്രകലകളും ഗോത്ര ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഈ പരിപാടിയിൽ പങ്കെടുക്കാനും മറ്റുമായി നാല് മണിക്കൂർ പ്രധാനമന്ത്രി ഭോപാലിൽ തങ്ങും.
അതിൽ ഒരു മണിക്കൂറും 15 മിനിറ്റുമാണ് ഉദ്ഘാടന പരിപാടിക്കായി മാറ്റിവെച്ചിരിക്കുന്നത്. വേദിയിൽ അഞ്ച് വലിയ താഴികക്കുടങ്ങളാണൊരുക്കിയിരിക്കുന്നത്. ആദിവാസികൾക്കിരിക്കാൻ വലിയ പന്തലുകളും നിർമിച്ചിട്ടുണ്ട്. ഒരാഴ്ചയായി മുന്നൂറിലധികം തൊഴിലാളികളാണ് വേദിയുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 23 കോടിയിലധികം രൂപയാണ് ഈ പരിപാടിക്കായി മധ്യപ്രദേശ് സർക്കാർ ചെലവഴിക്കുന്നത്. ഇതിൽ 13 കോടി രൂപചെലവഴിക്കുന്നത് ജംബൂരി മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ ആളുകളെ എത്തിക്കാനാണ്.