ന്യൂഡൽഹി; മുല്ലപ്പെരിയാർ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട് തയാറാക്കിയ റൂൾ കർവ് പുനഃപരിശോധിക്കണമെന്നാകും കേരളം ആവശ്യപ്പെടുക. പുതിയ അണകെട്ട് ആണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന് നേരത്തെ സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കർവ് തിരുത്തണം എന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് എതിർക്കും എന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്നാട് തയാറാക്കിയ റൂൾ കർവ് നവംബർ 30 ന് ജലനിരപ്പ് 142 അടിയായി ഉയർത്താം എന്ന് നിർദേശിക്കുന്നുണ്ട്. ഈ റൂൾ കർവാണ് ജല കമ്മീഷൻ അംഗീകരിച്ചത്. ജലകമ്മീഷന്റെ നടപടി ശാസ്ത്രിയമോ യുക്തിസഹജമോ അല്ല എന്നാണ് കേരളത്തിന്റെ വാദം. നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണം എന്ന് കേരളം ആവശ്യപ്പെടും.
അതേസമയം 12 വർഷം നീണ്ടുനിന്ന മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതിയിൽ നടത്താൻ കേരളം 6,34,39,549 രൂപ ചെലവഴിച്ചു എന്നാണ് വിവരം. ഇതിലധികവും വക്കീൽ ഫീസാണ്, 5,03,08,253 കോടി രൂപ. 2009 മുതൽ കഴിഞ്ഞ ഓഗസ്റ്റ് 31 വരെയുള്ള കണക്കാണിത്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് വേണ്ടി പത്ത് പ്രമുഖ അഭിഭാഷകർ വാദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതുവരെ അനുകൂല വിധി നേടിയെടുത്തത് തമിഴ്നാട് ആണ്.