ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന യെസ്ഡി ബൈക്കുകള്‍ അതേ പ്രൗഢിയോടെ ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിയെത്തുകയാണ്. ജാവ ബൈക്കുകള്‍ക്ക് ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചുവരവ് സമ്മാനിച്ച മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയാണ് യെസ്ഡിക്കും മടങ്ങി വരവ് ഒരുക്കുന്നത്. തിരിച്ച് വരവിൻ്റെ സൂചന നല്‍കി യെസ്ഡിയുടെ ടീസര്‍ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
രണ്ട് മോഡലുകളുമായായിരിക്കും യെസ്ഡി നെയിം പ്ലേറ്റ് തിരിച്ചെത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. വരവിനുള്ള സമയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2022-ൻ്റെ തുടക്കത്തില്‍ തന്നെ ഈ ബൈക്കുകള്‍ നിരത്തുകളില്‍ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ജാവയുടെ പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും യെസ്ഡിയും ഒരുങ്ങുകയെന്നും രണ്ട് മോഡലുകളില്‍ ഒന്ന് അഡ്വഞ്ചര്‍ ടൂറിങ്ങും മറ്റൊന്ന് അര്‍ബണ്‍ സ്‌ക്രാംബ്ലറുമായിരിക്കുമെന്നാണ് സൂചനകള്‍.
Look who’s back?
.#YezdiForever #Y #Yezdi #YezdiMotorcycles #YezdiRoadking #RetroCool pic.twitter.com/NXgMcXW7AT— yezdiforever (@yezdiforever) November 10, 2021
വാഹനത്തിൻ്റെ വരവിന് മുന്നോടിയായി സാമൂഹിക മാധ്യമങ്ങളില്‍ യെസ്ഡിയുടെ പേരിലുള്ള പേജുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞ വര്‍ഷം തന്നെ യെസ്ഡിയുടെ പേജ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപുറമെ, യെസ്ഡി ഫോര്‍ എവര്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം യെസ്ഡിയുടെ ട്വിറ്റര്‍ ഹാന്‍ഡിലും ആരംഭിച്ചിട്ടുണ്ട്. ‘ലുക്ക് ഈസ് ബാക്ക്’ എന്ന തലക്കെട്ടോടെ ഇതില്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോയാണ് മഹീന്ദ്രയുടെ മേധാവി പങ്കുവെച്ചിട്ടുള്ളത്.
യെസ്ഡി ബൈക്കുകളുടെ ഐതിഹാസിക രൂപം നിലനിര്‍ത്തുമെങ്കിലും ന്യൂജനറേഷന്‍ ഫീച്ചറുകളുടെ അകമ്പടിയിലായിരിക്കും പുതിയ പതിപ്പ് എത്തുകയെന്നാണ് സൂചന. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ ഇ ഡി ഹെഡ്ലാമ്പ്, എല്‍ ഇ ഡി ടെയ്ല്‍ലാമ്പ്, ഡ്യുവല്‍ ചാനല്‍ എ ബി എസ് തുടങ്ങിയവ പുതുതലമുറ യെസ്ഡിയെ കൂടുതല്‍ ആകര്‍ഷകമാക്കും. അതേസമയം, ഈ വാഹനം പരീക്ഷണയോട്ടം തുടങ്ങിയതായും സൂചനകളുണ്ട്.
ജാവ ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 293 സി സി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും പുതിയ യെസ്ഡിക്കും കരുത്തേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എന്‍ജിന്‍ 26.1 ബിഎച്ച്പി പവറും 27 എന്‍ എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. പ്രധാനമായും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോഡലുകളുമായായിരിക്കും പുതുതായി എത്തുന്ന യെസ്ഡി മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.