ബെയ്ജിങ്:ചൈനയിൽ വീണ്ടും കോവിഡ് വ്യാപനമുണ്ടാകുന്നതു വസ്ത്രശാലകളിൽനിന്നുള്ള പാഴ്സലിൽനിന്നാണെന്ന ആരോപണം ശക്തമാകുന്നു. ചൈനയിലെ ഹ്യുബേയിലെ കുട്ടികൾക്കായുള്ള വസ്ത്രനിർമാണ ഫാക്ടറിയിലെ മൂന്നു ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ഇവിടെനിന്നു പാഴ്സൽ ലഭിച്ചവരും വസ്ത്രങ്ങൾ കൈകാര്യം ചെയ്തവരും കോവിഡ് പരിശോധന നടത്തണമെന്ന് കമ്പനി അറിയിച്ചു.
ചൈനയില ഹ്യുബേ പ്രവിശ്യയില ഹാഒഹുയ് ഇ കൊമേഴ്സ് കമ്പനിയിൽനിന്ന് അയച്ച 300 പാക്കേജുകൾ പരിശോധനയ്ക്കു വിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇതിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. വസ്ത്രപാക്കേജുകൾക്കു പുറമേ ഇറക്കുമതി ചെയ്യുന്ന ഫ്രോസൺ ഭക്ഷണപദാർഥങ്ങളും ചൈന പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. വിദേശത്തു നിന്നോ ചൈനയിലെ തന്നെ ഹൈ–റിസ്ക് പ്രദേശങ്ങളിൽനിന്നോ ഉള്ള പാഴ്സലുകൾ അണുവിമുക്തമാക്കണമെന്ന് അധികൃതർ അറിയിച്ചു.
വീണ്ടും ഒരു കോവിഡ് തരംഗം ഉണ്ടാകാതിരിക്കാൻ ശക്തമായി നടപടികളാണ് ചൈനീസ് ഭരണകൂടം കൈക്കൊള്ളുന്നത്. ആയിരത്തോളം പേരെ ബാധിച്ച ഡെൽറ്റ വകഭേദം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ളതിനാൽ വൈറസിന്റെ ഉറവിടം ഇല്ലാതാക്കാൻ സാധ്യമായ എല്ലാ വഴികളും ചൈന നോക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടയ്ക്കുന്നതിനു പുറമേ കോവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശത്തെ എല്ലാവരോടും പരിശോധനയ്ക്കു വിധേയമാകണമെന്നും അധികൃതർ കർശന നിർദേശം നൽകി. പ്രാദേശികമായി വ്യാപിച്ച 39 കേസുകൾ ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ റിപ്പോർട്ട് ചെയ്തിരുന്നു.