കോയമ്പത്തൂർ: പ്ലസ് ടു വിദ്യാർഥിനി അധ്യാപകന്റെ പേര് എഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിലെ ഫിസിക്സ് അധ്യാപകനായ മിഥുൻ ചന്ദ്രവർത്തിയുടെ പേര് എഴുതിവെച്ചാണ് 17 വയസുള്ള വിദ്യാർഥിനി തൂങ്ങി മരിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് അധ്യാപകനെ പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
അധ്യാപകൻ ഒന്നിലധികം തവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിലിൽ സ്പെഷ്യൽ ക്ലാസിന്റെ പേരിൽ വിദ്യാർഥിനിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ഇയാൾ പീഡിപ്പിച്ചെന്നാണ് വിവരം. പെൺകുട്ടി സംഭവം സ്കൂൾ മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ഇയാളെ പുറത്താക്കുകയും പ്രിൻസിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഇതോടെ സ്കൂളിൽ നിന്ന് ട്രാൻസ്ഫർ വാങ്ങിയ പെൺകുട്ടി അടുത്തുള്ള സർക്കാർ സ്കൂളിൽ ചേർന്നു.സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്ന പെൺകുട്ടിക്ക് പുതിയ സ്കൂൾ അധികൃതർ കൗൺസലിങ് അടക്കം നൽകി വരുകയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീട്ടിൽ തനിച്ചായ പെൺകുട്ടി സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്തിന് ഫോൺ എടുക്കാൻ സാധിച്ചില്ല. തുടർന്ന് ഏഴ് മണിയോടെ സുഹൃത്ത് തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ സുഹൃത്ത് പെൺകുട്ടിയുടെ വീട്ടിലെത്തുകയും പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇരുവരും ചേർന്നാണ് അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.