തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
സംയുക്ത തൊഴിലാളി യൂണിയൻ നേരത്തെ ശമ്പള പരിഷ്കരണമെന്ന ആവശ്യം ഉന്നിയിച്ച് പണിമുടക്കിയിരുന്നു. എന്നാൽ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് ടിഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. നേരത്തേത് സൂചന പണിമുടക്കായിരുന്നു. ഉറപ്പുകൾ പാലിക്കാത്തതിനാലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്നും ടി.ഡി.എഫ് വ്യക്തമാക്കി.
കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകിയിട്ടില്ലെന്നും ഈ മാസം 15 മുതൽ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹവും ആരംഭിക്കുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. മറ്റ് തൊഴിലാളി സംഘനടകളുമായി ചർച്ച നടത്തി അവരെ കൂടെ സമരത്തിന്റെ ഭാഗമാക്കാനാമ് ടി.ഡി.എഫ് നീക്കം.
കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെയുള്ള കെ.എസ്.ആർ.ടി.സി. യൂണിയനുകളുടെ പണിമുടക്ക് അംഗീകരിക്കാനാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. 30 കോടി രൂപയുടെ അധിക ബാധ്യത വരുന്ന ശമ്പള പരിഷ്കരണമാണ് യൂണിയനുകൾ ആവശ്യപ്പെട്ടത്. ഇത് ചർച്ച ചെയ്യാൻ സംഘടനകൾ തയ്യാറായില്ല. അതിനാൽ ഈ സമരത്തിൽ ഒരു ന്യായീകരണവും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇത്തരം പ്രവണത തുടരാനാണ് തീരുമാനമെങ്കിൽ സർക്കാർ നിയമ നിർമ്മാണത്തിലേയ്ക്ക് പോകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.