തിരുവനന്തപുരം; മാവേലി സ്റ്റോറുകളുടെ സേവനം ലഭിക്കാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ തിരഞ്ഞെടുത്ത നിശ്ചിത എണ്ണം റേഷൻ കടകൾ വഴി സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുമെന്നും മാവേലി സ്റ്റോറുകളിലൂടെ ലഭ്യമാകുന്ന സബ്സിഡി സാധനങ്ങൾ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾ വഴിയും വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
മാവേലി സ്റ്റോറുകളിലൂടെ കാർഡ് ഉടമകൾക്കു കുറഞ്ഞ നിരക്കിൽ സബ്സിഡി സാധനങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, ചില ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മാവേലി സ്റ്റോറുകളുടെ അഭാവംമൂലം സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിനു പ്രയാസം നേരിടുന്നുവെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമീപ പ്രദേശങ്ങളിൽ മാവേലി സ്റ്റോറുകൾ നിലവിലില്ലാത്ത ഇടങ്ങളിലെ റേഷൻ ഷോപ്പുകൾ തെരഞ്ഞെടുത്തു സബ്സിഡി സാധനങ്ങൾ ലഭ്യമാക്കുന്ന നടപടി ആരംഭിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.