മസ്കത്ത്: വിദ്യാര്‍ഥികളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളും ശാസ്ത്ര അവബോധവും വളര്‍ത്തുന്നതിൻറെ
ഭാഗമായി തുടങ്ങിയ ഹൈഡ്രോപോണിക്സ് കൃഷി പദ്ധതി മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ വിപുലപ്പെടുത്തുന്നു.
മണ്ണില്ലാതെ, ആവശ്യമായ പോഷകങ്ങള്‍ വെള്ളത്തിലൂടെ നല്കി സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്ന രീതിയാണ് ഹൈഡ്രോപോണിക്സ്.മണ്ണില്‍നിന്നുണ്ടാകുന്ന രോഗങ്ങളും കീടബാധയും ഈ കൃഷിരീതിയില്‍ ഒരു
പരിധിവരെ ഒഴിവാക്കാനാകും. മാത്രമല്ല, മണ്ണില്‍ സാധാരണ നടുന്നതുപോലെയുള്ള നിശ്ചിത അകലം വേണമെന്നില്ല.
വളരെ അടുത്ത് തന്നെ ചെടികള്‍ വെക്കാനും സാധിക്കും. അതിനാല്‍ കുറഞ്ഞ സ്ഥലത്ത് തന്നെ വലിയ വിളവുണ്ടാകാം.നിലവില്‍ രണ്ട് യൂനിറ്റ് കൃഷിയാണ് സ്കൂളിലുള്ളത്. തുളസി, പൊതിന തുടങ്ങിയ ഇനങ്ങളാണ് ഇവിടെ വളര്‍ത്തുന്നത്.
അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാര്‍ഥികളാണ് കൃഷിയെ പരിപാലിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കൃഷി നടത്തിപ്പുമായി ബന്ധപ്പെട്ട് നന്മ കൃഷിക്കൂട്ടവുമായി സഹകരിച്ച് പരിശീലനവും നല്‍കിയിരുന്നു.
ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ റിസോഴ്സ്പേഴ്സന്‍ വി. ജയസൂര്യയായിരുന്നു ക്ലാസിന് നേതൃത്വം നല്‍കിയത്. സ്കൂളില്‍ 2017ലാണ് ഹൈഡ്രോപോണിക്സ് പദ്ധതിക്ക് തുടക്കമിടുന്നത്. ഒമാനിലെ അന്നത്തെ ഇന്ത്യന്‍ അംബാസഡറായിരുന്ന എച്ച്.ഇ. ഇന്ദ്രമണി പാണ്ഡെ ആയിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. കോവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച പദ്ധതിയാണ് കൂടുതല്‍ മികവോടെ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്.