സൂറത്ത്: പോക്സോ കേസില്‍ പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷ വിധിച്ച് അതിവേഗ കോടതി.ജീവപര്യന്തത്തിന് പുറമെ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അറസ്റ്റിലായി ഒരു മാസത്തിനുള്ളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അജയ് നിഷാദ് (39) എന്നയാളെയാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി മരണം വരെ തടവ്ശിക്ഷക്ക് വിധേയനാക്കിയത് കഴിഞ്ഞ ഒക്ടോബര്‍ 12 ന് കുട്ടി പീഡനത്തിനിരയാവുകയും 13ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ആണുണ്ടായത്. ഇയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമാണ്.
വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അജയ് നിഷാദ് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് അവശനിലയിലായ കുഞ്ഞിനെ കണ്ടെത്തിയത്.
പ്രതി അറസ്റ്റിലായി 10 ദിവസത്തിനുള്ളില്‍ തന്നെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒക്ടോബര്‍ 25ന് തുടങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി.