ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെ 5 വിക്കറ്റിന് തകർത്ത് ആസ്ത്രേലിയ ഫൈനലിൽ. പാകിസ്താന് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഓസ്ട്രേലിയ മറികടന്നു. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത മാത്യു വെയ്ഡും മാർക്കസ് സ്റ്റോയ്നെയ്സുമാണ് ആസ്ട്രേലിയക്ക് അനായാസം ജയം സമ്മാനിച്ചത്.
സ്റ്റോയ്നിസ് 31 പന്തില്‍ നിന്ന് 2 സിക്സും 2 ഫോറുമടക്കം 40 റണ്‍സോടെയും വെയ്ഡ് 17 പന്തില്‍ നിന്ന് നാലു സിക്സും രണ്ടു ഫോറുമടക്കം 41 റണ്‍സോടെയും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക് നിര നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തിരുന്നു. മുഹമ്മദ് റിസ്വാന്, ഫഖര്‍ സമാന്, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താനെ മികച്ച സ്കോറിലെത്തിച്ചത്.
52 പന്തില്‍ നിന്ന് നാലു സിക്സും മൂന്ന് ഫോറുമടക്കം 67 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് ടീമിന്റെ ടോപ് സ്കോറര്‍. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. 32 പന്തുകള്‍ നേരിട്ട ഫഖര്‍ സമാന് നാലു സിക്സും മൂന്ന് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു.
ഓസീസിനായി സ്റ്റാര്‍ക്ക് 2 വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സും ആദം സാംപയും ഓരോ വിക്കറ്റ് വീതമെടുത്തു.
നവംബര്‍ 14-ന് നടക്കുന്ന ഫൈനലില്‍ ഓസീസ്, ന്യൂസീലന്‍ഡിനെ നേരിടും.