ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായ ചെങ്ങന്നൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു. കിഫ്ബിയില്‍ നിന്നും 200 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാഥമിക നടപടി ക്രമയായ ഭൂമി ഏറ്റെടുക്കലിന് 65 കോടി രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായിട്ടുള്ള കല്ലീടീല്‍ കര്‍മ്മം സെന്‍ട്രല്‍ ഹാച്ചറിക്ക് സമീപം വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും.
12 മീറ്റർ വീതിയില്‍ നിര്‍മ്മിക്കുന്ന ബൈപ്പാസ് നാലുഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുന്നത്. കല്ലിശ്ശേരി മുതല്‍ അങ്ങാടിക്കൽ പുത്തന്‍കാവ് ഭഗവതിക്ഷേത്രത്തിനു സമീപത്ത് വഴി 3.75 കിലോമീറ്റർ ദൈര്‍ഘ്യമുള്ള ഒന്നാം ഘട്ടം, 1.19 കി. മീ. ദൈര്‍ഘ്യമുള്ള രണ്ടാംഘട്ടം പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തു നിന്നും ആരംഭിച്ച് ചെങ്ങന്നൂര്‍ – കോഴഞ്ചേരി റോഡില്‍ കെഎസ്ഇബി. സബ്‌സ്റ്റേഷന്‍ കടന്ന് നേതാജി റോഡിലൂടെ എം സി റോഡില്‍ ഗവ. ഐടിഐ. ജംഗ്ഷനില്‍ അവസാനിക്കുന്നു.
2.5 കി.മീ. ദൈര്‍ഘ്യമുള്ള മുന്നാംഘട്ടം ഹാച്ചറി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ചെങ്ങന്നൂര്‍ മാവേലിക്കര റോഡില്‍ പേരിശ്ശേരിയില്‍ അവസാനിക്കും. 3.02 കി. മീ. ദൈര്‍ഘ്യമുള്ള നാലാം ഘട്ടം പേരിശ്ശേരിയില്‍ (മഠത്തുംപടി) ആരംഭിച്ച് നഗരസഭയിൽ മുണ്ടന്‍കാവ് ജംഗ്ഷനില്‍ എത്തിച്ചേരും.