കൊച്ചി: നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളി യൂസഫ് സിയ മുംബയില്‍ അറസ്റ്റിലായി. വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ മുംബൈ വിമാനത്താവളത്തിലാണ് അറസ്റ്റിലായത്.
വ്യാജ പാസ്പോര്ട്ടുമായെത്തിയ സിയയെ തിരച്ചില്‍ നോട്ടീസ് പ്രകാരം തിരിച്ചറിഞ്ഞ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞുവച്ച് കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന(എ.ടി.എസ്) ക്ക് കൈമാറി. ഇന്നലെ കൊച്ചിയിലെ എ.ടി.എസ് ആസ്ഥാനത്ത് ചോദ്യം ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
നടിയും സാമ്പത്തികതട്ടിപ്പു കേസുകളിൽ പ്രതിയുമായ ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടത്താനും ഭീഷണിപ്പെടുത്തി പണം അപഹരിക്കാനും രാജ്യാന്തര കുറ്റവാളി രവി പൂജാരിക്കു ക്വട്ടേഷൻ നൽകിയതു യൂസഫ് സിയയാണ്.
ബിലാല്‍, വിപിന്‍ എന്നിവരാണ് 2018 ഡിസംബര്‍ 15ന് ബ്യൂട്ടിപാര്‍ലറിലെത്തി വെടിവച്ചത്. ബിലാല്‍, വിപിന്‍, അല്‍ത്താഫ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത എ.ടി.എസ് ബംഗളുരു ജയിലില്‍ നിന്ന് രവിപൂജാരിയെയും അറസ്റ്റ് ചെയ്തു. നിസാം സലീം, അജാസ് എന്നീ പ്രതികളെ പിടികൂടാനുണ്ട്.