കൊച്ചി: മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ. വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കൽ ഉത്തരവിറക്കിയത്. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കി.
വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവുമിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡനായ ബെന്നിച്ചൻ തോമസ് ഔദ്യോഗിക കൃത്യനിർവഹണം ലംഘിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇന്നലത്തെ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരമാണ് വിവാദമായ മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഉത്തരവ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പിള്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. ഇതനുസരിച്ചാണ് വനംവകുപ്പ് ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറക്കിയത്.
മന്ത്രിതലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയും മറ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെയും ഉത്തരവിറക്കിയതുകൊണ്ടാണ് ബെന്നിച്ചന് തോമസിനെ സസ്പെന്റ് ചെയ്യുന്നതെന്ന് ഉത്തരവില്‍ പറയുന്നു. 1968 ലെ ഓള് ഇന്ത്യാ സര്‍വീസ് പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള പെരുമാറ്റച്ചട്ട ലംഘനമാണ് ബെന്നിച്ചന് തോമസിന്റെ നടപടിയെന്നും ഉത്തരവില്‍ പറയുന്നത്.
ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങൾ മുറിക്കാനായിരുന്നു തമിഴ്നാടിന് കേരളം അനുമതി നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മരംമുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് കേരളത്തിന്റെ നിർണായക ഉത്തരവിനെ കുറിച്ച് പുറത്തറിഞ്ഞത്.