കുവൈത്ത് സിറ്റി: വിദേശികൾക്കു കുടുംബ വിസ അനുവദിക്കുന്നതിനു 500 ദിനാർ ശമ്പള പരിധി നിർബന്ധമാക്കുന്നു. കുടുംബ സന്ദർശന വിസ ഉൾപ്പെടെ വാണിജ്യ സന്ദർശന വിസകൾക്കും കടുത്ത മാനദണ്ഡങ്ങൾ.
ഭാര്യ കൂടാതെ 16 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള വിസക്കും 500 ദിനാർ ശമ്പള പരിധി നിർബന്ധമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം കുടുംബ സന്ദർശന വിസ കൂടാതെ ടൂറിസ്റ്റ് വിസകൾ
അനുവദിക്കുന്നതിന് മന്ത്രി തല സമിതി തീരുമാനിച്ചെങ്കിലും , 16 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള വിസകൾ, കൂടാതെ മെഡിക്കൽ, ടീച്ചിംഗ് മേഖല പോലുള്ള ചില ജോലികൾ ഒഴികെ രക്ഷിതാക്കൾക്കുള്ള വിസകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായിട്ടാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്യുന്നത്.
വിദേശികളുടെ കുവൈത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നതിന് 500 ദിനാർ ശമ്പളവും വാക്സിനേഷൻ സർട്ടിഫിക്കറ്റും നിർബന്ധമാണ്. കൂടാതെ ഭാര്യയെയും 16 വയസ്സിന് താഴെയുള്ള കുട്ടികളെയും കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കും 500 ദിനാർ ശമ്പളം ഉണ്ടായിരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.