ദോഹ: രാജ്യത്തെ ആരോഗ്യമേഖലയുടെ സേവനം വിപുലമാക്കുന്നതിൻെറ ഭാഗമായി പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം കൂടി പ്രവർത്തന സജ്ജമായി. പ്രതിദിനം 600ഓളം രോഗികൾക്ക് ചികിത്സ നൽകാൻ കഴിയുന്ന ഉം അൽ സെനീം ഹെൽത്ത് സെൻററിെൻറ ജോലികൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. 40 മെഡിക്കൽ ക്ലിനിക്കുകൾ ഉൾപ്പെടെ സൗകര്യമുണ്ട്. 27,600 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഹെൽത്ത് സെൻറർ.
സൈൻ ബോർഡുകൾ, അന്ധർക്കുള്ള ബ്രെയിൽ ലിപി ചിഹ്നങ്ങൾ, അനുയോജ്യമായ ശൗചാലയങ്ങൾ, വിശാലമായ ഇടനാഴികൾ, സഞ്ചാര സൗകര്യത്തിനായുള്ള ഓട്ടോമാറ്റിക് വാതിലുകൾ, റിസപ്ഷൻ ഡെസ്കുകൾ എന്നിവ ഉൾപ്പെടുത്തിയാണ് നിർമാണ ജോലി പൂർത്തിക്കിയതെന്ന് എൻജിനീയർ അമൽ അൽ സുലൈത്തി പറഞ്ഞു. രണ്ടു നിലയുള്ള പ്രധാന കെട്ടിടത്തിലാണ് മുഴുവൻ ക്ലിനിക്കുകളും ഒരുക്കിയത്. ഇതിനു പുറമെ, വിശാലമായ അനുബന്ധ കെട്ടിടങ്ങളിൽ മറ്റു സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പള്ളി, ആംബുലൻസ് ഗാരേജ്, 297 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം എന്നിവയും സജ്ജമാണ്. അൽ വക്റ ഹെൽത്ത് സെൻറർ, അൽ ഖോർ ഹെൽത്ത് സെൻറർ എന്നിവ ഈ വർഷംതന്നെ അശ്ഗാൽ പൂർത്തിയാക്കിയിരുന്നു. നിർമാണത്തിൽ പ്രാദേശിക അസംസ്കൃത വസ്തുക്കൾ കൂടി ഉപയോഗിച്ചാണ് ഉം അൽ സനീ സെൻററിെൻറ പണി പൂർത്തിയാക്കിയത്. രാജ്യത്തിെൻറ പൈതൃകവും പ്രാദേശിക സംസ്കാരവും കലർന്ന ഡിസൈനാണ് ക്ലിനിക്കുകൾക്ക് നൽകിയിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ നിർമാണത്തിന് ഗ്ലോബൽ സസ്റ്റൈനബിലിറ്റി അസസ്മെൻറ് സിസ്റ്റത്തിെൻറ (ജി.എസ്.എ.എസ്) അംഗീകാരവും നേടി.