തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വിലക്കയറ്റം. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടു ദിവസം മുൻപ് 40 രൂപയായിരുന്ന തക്കാളിക്ക് കിലോയ്ക്ക് വില 60 കടന്നു. മുരിങ്ങക്കയ്ക്ക് 90 രൂപയായി. ഉരുളക്കിഴങ്ങിന് 35 രൂപയും, പാവക്കയ്ക്ക് 45 രൂപയുമാണ് പുതിയ വില.
തമിഴ്നാട്ടിൽ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വിലക്കയറ്റത്തിന് കാരണം. വിപണിയിൽ പച്ചക്കറി ലഭ്യതയും സാരമായി കുറഞ്ഞിട്ടുണ്ട്. ഇത് വലിയരീതിയിലാണ് ഉപഭോക്താക്കളെയും കച്ചവടക്കാരെയും ബാധിക്കുന്നത്. വരാനിരിക്കുന്നത് മണ്ഡലകാലമായതിനാൽ വില ഇനിയും കൂടിയേക്കും.