ദോഹ:2022 ഖത്തർ ഫിഫ ലോകകപ്പിലെ പ്രമുഖ സ്റ്റേഡിയങ്ങളിലൊന്നായ അൽഖോറിലെ അൽ ബെയ്ത് 30ന് ഉദ്ഘാടനം ചെയ്യും. ഫിഫ അറബ് കപ്പിലെ ഉദ്ഘാടനമായി നടക്കുന്ന ഖത്തറും ബഹ്റൈനും തമ്മിലുള്ള മത്സരത്തോടെയാണ് സ്റ്റേഡിയം ഉദ്ഘാടനം. പ്രത്യേക ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഖത്തറിന്റെ എക്കാലത്തെയും വിസ്മയകരമായ സൃഷ്ടികളിലൊന്നാണിത്. ഖലീഫ ഇന്റർനാഷനൽ, അൽ ജനൗബ്, എജ്യൂക്കേഷൻ സിറ്റി, അഹമ്മദ് ബിൻ അലി, അൽ തുമാമ എന്നിവയ്ക്ക് ശേഷം ഖത്തർ ലോകകപ്പിനായി ഉദ്ഘാടനം ചെയ്യുന്ന ആറാമത്തെ സ്റ്റേഡിയമാണിത്.
60,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയം നവംബർ 30 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പിന്റെ 5 മത്സരങ്ങൾക്കും ഫൈനലിനും വേദിയാകും. വിസ്മയങ്ങൾ നിറഞ്ഞ സ്റ്റേഡിയത്തിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ അറിയാം.
ഖത്തർ ലോകകപ്പിലെ 8 സ്റ്റേഡിയങ്ങളിൽ ഏറ്റവും തിരക്കേറിയതായി മാറുക അൽ ബെയ്ത് തന്നെയാണ്. കിക്കോഫ് മത്സരം ഉൾപ്പെടെ 9 മത്സരങ്ങൾക്കും സെമി ഫൈനലിനും ആണ് അൽ ബെയ്ത് സാക്ഷ്യം വഹിക്കുക. ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിന്റെ മോഡുലാർ അപ്പർ ടയർ നീക്കം ചെയ്യും. ഇരിപ്പിട ശേഷം 32,000 ആയി കുറയ്ക്കും. ബാക്കി സിറ്റുകൾ ഖത്തറിലും മറ്റ് വിദേശ രാജ്യങ്ങളിലെയും കായിക സൗകര്യങ്ങൾക്കായി നൽകും.
അൽഖോർ കമ്യൂണിറ്റിക്ക് ഗുണകരം
ലോകകപ്പിന് ശേഷം അൽ ബെയ്ത് അൽഖോറിലെ ജനങ്ങളുടെ പ്രധാന കേന്ദ്രമായി മാറും. ആരോഗ്യകരമായ ജീവിതശൈലിയുടെ പൈതൃകം അൽഖോറിലെ സമൂഹങ്ങൾക്ക് നൽകുകയാണ് ലക്ഷ്യം.
സ്റ്റേഡിയത്തിന് മുകളിലെ ആഡംബര സ്കൈബോക്സുകൾ പഞ്ചനക്ഷത്ര ഹോട്ടലുകളായി മാറും. ഷോപ്പിങ് കേന്ദ്രം, ഫുഡ് കോർട്ട്, ജിം, മൾട്ടിപർപ്പസ് ഹാൾ എന്നിവയെല്ലാം സ്റ്റേഡിയത്തോടു ചേർന്ന് സജീവമാകും. ഖത്തറിന്റെ കായിക മെഡിസിൻ ആശുപത്രിയായ ആസ്പെതാറിന്റെ ശാഖയും പ്രവർത്തനം തുടങ്ങും.
30 ഫുട്ബോൾ പിച്ചുകൾക്ക് സമാനമാണ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഹരിതാഭമായ പാർക്ക്. സൈക്കിൾ പാതകളും കളിസ്ഥലങ്ങളും കോഫി ഷോപ്പുകളും റസ്റ്ററന്റുകളും എല്ലാം ഇവിടെയുണ്ട്.നിർമാണത്തിലും ഡിസൈൻ പ്രത്യേകതയിലും ഹരിത വികസനത്തിന്റെയും സുസ്ഥിരതയുടെയും ഉദാത്ത മാതൃകയായ അൽ ബെയ്ത് സുസ്ഥിര ലോകകപ്പെന്ന ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകം കൂടിയാണ്. ഡിസൈൻ, നിർമാണം എന്നിവയ്ക്ക് ഗ്ലോബൽ സസ്റ്റെയ്നബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ റേറ്റിങ്, ഡിസൈനിന് പഞ്ചനക്ഷത്ര റേറ്റിങ്, നിർമാണത്തിന് എ ക്ലാസ്, സീസണൽ എനർജി എഫിഷ്യൻസി റേഷ്യോ കോംപ്ലിയൻസ് സർട്ടിഫിക്കറ്റ് എന്നിവയും സ്റ്റേഡിയം കരസ്ഥമാക്കി കഴിഞ്ഞു. അതിമനോഹരവും അവിസ്മരണീയവുമായ വിസ്മയങ്ങളുടെ കൂടാരമായ അൽ ബെയ്ത്തിന്റെ നിർമാണത്തിന് പിന്നിൽ ഖത്തരി, ഇറ്റാലിയൻ കമ്പനികളാണ്.