ലഖ്നൗ: ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അണ്ടര്‍സെക്രട്ടറി അറസ്റ്റില്‍. ലൈംഗികാതിക്രമത്തിനിരയായ യുവതി പുറത്തുവിട്ട വീഡിയോ വൈറലായതിന് പിന്നാലെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷക്ഷേമ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഇച്ചാറാം യാദവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓഫീസില്‍വെച്ച് കടന്നുപിടിക്കുന്നതിൻ്റെയും ശല്യംചെയ്യുന്നതിൻ്റെയും വീഡിയോയാണ് യുവതി പുറത്തുവിട്ടിരുന്നത്.
ലഖ്നൗ ബാപ്പുഭവനിലെ ഓഫീസിലാണ് ഇച്ഛാറാം യാദവും പരാതിക്കാരിയും ജോലിചെയ്യുന്നത്. അണ്ടര്‍സെക്രട്ടറി പദവിയിലുള്ള ഇച്ഛാറാം 2018 മുതല്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് യുവതിയുടെ പരാതി. കരാര്‍ ജീവനക്കാരിയായതിനാല്‍ പരാതിപ്പെട്ടാല്‍ ജോലി തെറിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
ഉപദ്രവം തുടര്‍ന്നതോടെ സംഭവത്തിൻ്റെ വീഡിയോ പകര്‍ത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ഓഫീസില്‍ ജോലിചെയ്യുന്നതിനിടെ ഇച്ഛാറാം യുവതിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തുന്ന വീഡിയോയാണ് മൊബൈലില്‍ പകര്‍ത്തിയത്. ജോലിചെയ്യുന്നതിനിടെ യുവതിയുടെ അടുത്തെത്തി ശരീരത്തില്‍ കയറിപിടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ ഇയാളെ യുവതി തള്ളിമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഉപദ്രവത്തിൻ്റെ തെളിവ് പകര്‍ത്തിയതോടെ യുവതി ധൈര്യപൂര്‍വം ഹുസൈന്‍ഗഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി നല്കി. ഓഫീസില്‍നിന്ന് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് ഒക്ടോബര്‍ 29-ന് പരാതി നല്‍കിയത്. എന്നാല്‍ തെളിവ് സഹിതം പരാതി ലഭിച്ചിട്ടും പോലീസ് നടപടിയെടുക്കാന്‍ വൈകിയെന്നാണ് യുവതിയുടെ ആരോപണം. ഇതോടെ അണ്ടര്‍സെക്രട്ടറിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.
അതേസമയം, യുവതിയുടെ പരാതിയില്‍ ഒക്ടോബര്‍ 29-ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി സെന്‍ട്രല്‍ എഡിസിപി ഖ്യാതി ഘാര്‍ഗ് പറഞ്ഞു. യുവതിയെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അതിനുശേഷം ഇരുവിഭാഗങ്ങളില്‍നിന്നും ശേഖരിച്ച തെളിവുകള്‍ പരിശോധിച്ചെന്നും അതിനുശേഷമാണ് നടപടിയിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.