അബുദാബി: യുഎഇയിൽ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്കു നേതൃത്വം നൽകുന്നവർക്കും ജീവനക്കാർക്കുമുള്ള കോവിഡ് മാനദണ്ഡം പരിഷ്കരിച്ചു. വാക്സീൻ എടുത്തവരായിരിക്കണം. 14 ദിവസം ഇടവിട്ട് പിസിആർ എടുത്ത് രോഗമില്ലെന്ന് ഉറപ്പാക്കുകയും വേണമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു.
മുസ്ലിം, ക്രൈസ്തവ ആരാധനാലയങ്ങളിലുള്ളവർക്കും നിയമം ബാധകമാണ്. അംഗശുദ്ധി വരുത്തുന്ന സ്ഥലവും ശുചിമുറിയും ഓരോ പ്രാർഥനയ്ക്കു മുൻപ് അണുവിമുക്തമാക്കുക. പള്ളിയും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, ശ്വാസകോശ രോഗലക്ഷണങ്ങളോ പനിയോ ഉള്ളവർ ആരാധനാലയങ്ങളിൽനിന്ന് വിട്ടുനിൽക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.
യുഎഇയിൽ 88.47% േപർ കോവിഡ് വാക്സീൻ 2 ഡോസും 98.66% പേർ ഒരു ഡോസും എടുത്തവരാണ്. ഉയർന്ന വാക്സീൻ തോത്, പിസിആർ പരിശോധന, മാസ്ക് ധരിക്കൽ, അകലം പാലിക്കൽ തുടങ്ങിയ സുരക്ഷാനടപടികളുടെ ഫലമായാണ് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞത്. യുഎഇയുടെ സുവർണ ജൂബിലി, ക്രിസ്മസ്, പുതുവത്സരം തുടങ്ങി തിരക്കുണ്ടാകാൻ സാധ്യതയുള്ള ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.