തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് യോഗം ചേർന്നില്ലെന്ന നിലപാടിലുറച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. സെപ്റ്റംബർ 17ന് യോഗം ചേരുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. സെപ്റ്റംബർ 17ലെ യോഗത്തിൻ്റെ മിനുട്സ് കണ്ടിട്ടില്ല.
അനുമതി നൽകിയ ഉത്തരവിൽ ഇറിഗേഷൻ വകുപ്പിൻ്റെ പേരില്ല. യോഗം ചേരുന്നതിന് പ്രശ്നമില്ല, തീരുമാനം എടുത്തത്തിലാണ് പ്രശ്നം. ഇതിൽ മരംമുറി തീരുമാനിച്ചോയെന്ന് അറിയില്ല. ഇക്കാര്യം അന്വേഷിക്കാം. ജലവിഭവ സെക്രട്ടറിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ അന്വേഷണറിപ്പോർട്ട് വരട്ടെ. സർക്കാർ റദ്ദാക്കിയ ഇനി എന്ത് പ്രസക്തിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മുല്ലപെരിയാർ മരം മുറിയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടിസ് നൽകി. പി സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. യോഗം നടന്നുവെന്ന് സഭയില്‍ വനം മന്ത്രി അംഗീകരിക്കുകയും മിനിട്സ് ഉദ്ധരിക്കുകയും ചെയ്തതിനു ശേഷം സഭയ്ക്ക് പുറത്ത് അതേ മന്ത്രിസഭയിലെ അംഗവും ജലവിഭവ വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന് മന:പൂര്‍വ്വം ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന് അദ്ദേഹം ആരോപിച്ചു.
നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് അപ്രകാരമൊരു യോഗം നടന്നിട്ടില്ല എന്ന് തെറ്റായ പ്രസ്താവന നടത്തിയത് നിയമസഭയോടുള്ള കടുത്ത അനാദരവും സഭാംഗമെന്ന നിലയിലുള്ള പെരുമാറ്റചട്ടങ്ങളുടെ ലംഘനവുമാണ്. ഈ നടപടിയിലൂടെ സഭംഗങ്ങള്ക്കുള്ള പ്രത്യേക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നതിനാല് ചട്ടം 154 പ്രകാരം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് എതിരെ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.