രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും.ഇതിന്റെ അളവ് കൂടുന്നത് പലരിലും കാണപ്പെടുന്നതാണ്.ചിട്ടയായ ഭക്ഷണക്രമവും നിത്യേനയുള്ള വ്യായാമത്തിലൂടെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും.
ഇത് തുടക്കത്തിലേ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.ഹൃദയാഘാതം, വൃക്കസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അസുഖങ്ങളും എല്ലാം രക്തസമ്മർദ്ദം മൂലമുണ്ടാകുന്നവയാണ്.ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചറിയാം.
മധുരപാനീയങ്ങള്‍
മധുരപാനീയങ്ങള്‍ ഭാരം കൂടാനും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും കാരണമാകും. ഇത് സ്ഥിരം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല ശരീരത്തിലെ എച്ച്ഡിഎല്‍ (നല്ല) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഉപ്പ്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ പട്ടികയില്‍ ഉപ്പ് ഒന്നാമതാണ്. സോഡിയം രക്തത്തിലെ ദ്രാവകത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കരുത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ഒരാള്‍ക്ക് ഉപ്പ് ചേര്‍ക്കുന്നത് ആരോഗ്യകരമല്ല.
പിസ
പിസ്സയിലെ ഉപ്പിന്റെ അളവ് അതിശയിപ്പിക്കുന്നതാണ്. ഒരു ഇടത്തരം വലിപ്പമുള്ള പിസ്സയില്‍ ഏകദേശം 3,500 മില്ലിഗ്രാം സോഡിയം അടങ്ങിയിരിക്കാം. ഉപ്പിലാതെ വീട്ടില്‍ തന്നെ പിസ തയ്യാറാക്കുന്നതാണ് നല്ലത്.
ഉരുളക്കഴിങ്ങ് ചിപ്സ്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒഴിവാക്കാനുള്ള ഭക്ഷണങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ട മറ്റൊരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ് ചിപ്സ്. ഇതിലെ ഉയര്‍ന്ന സോഡിയത്തിന്റെ അളവ് രക്താതിമര്‍ദ്ദം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അവയുടെ കൊഴുപ്പ് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം മോശമാക്കുന്നതിനും കാരണമാകുന്നു.
സംസ്കരിച്ച മാംസം
സംസ്കരിച്ച മാംസത്തില്‍ അമിതമായ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, അവ സാധാരണയായി വളരെ കൊഴുപ്പുള്ളതും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുന്നതുമാണ്. സംസ്കരിച്ച മാംസം കഴിക്കുന്നത് ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. പോസസ്ഡ് മീറ്റ് കഴിക്കുന്നത് രോഗം വരാനുള്ള സാധ്യത 44 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
പഞ്ചസാര
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ അവരുടെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുന്നത് നല്ലതാണ്. പ്രമേഹമുള്ളവരുടെ പഠനങ്ങള്‍ അമിതമായ പഞ്ചസാരയുടെ ഉപഭോഗവും വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദവും തമ്മില്‍ ചില ബന്ധങ്ങള്‍ കാണിക്കുന്നു. പ്രമേഹം ഇല്ലെങ്കിലും, നിങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് ഒഴിവാക്കുന്നതാണ്. സിറപ്പില്‍ ശീതളപാനീയങ്ങളും ടിന്നിലടച്ച പഴങ്ങളും ഒഴിവാക്കുക.
അച്ചാറുകള്‍
ചോറായാലും കഞ്ഞിയായാലും ബിരിയാണിയായാലും അച്ചാര്‍ എല്ലാത്തിന്റെ കൂടെയും നല്ലൊരു തൊടുകറിയാണ്. എന്നാല്‍ ഉപ്പിന്റെ അംശം വളരെ കൂടുതലായ അച്ചാര്‍ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഒഴിവാക്കേണ്ടതാണ്.
കെച്ചപ്പ്
ഉപ്പ് ഏറ്റവും കൂടുതല്‍ അടങ്ങിയ വിഭവങ്ങളില്‍ ഒന്നാണ് കെച്ചപ്പ്. ഒരു ടേബിള്‍സ്പൂണ്‍ കെച്ചപ്പില്‍ 190 മില്ലിഗ്രാം സോഡിയം ഉണ്ടാകും. കെച്ചപ്പിലെ അമിതമായി ഉപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചീസ്
സോഡിയത്തിന്റെ അളവ് വളരെ ഉയര്‍ന്ന ഭക്ഷണവിഭവമാണ് ചീസ്. അമേരിക്കന്‍ ചീസ്, ബ്ലൂ ചീസ് പോലുള്ള ചിലയിനം ചീസുകളില്‍ ഔണ്‍സിന് 300 മില്ലിഗ്രാം എന്ന തോതില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ഇതും ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഒഴിവാക്കുകയാണ് വേണ്ടത്.