വിപണിയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇന്ത്യയുടെ ഇലക്‌ട്രിക് വാഹന വിപണി അനുദിനം കരുത്താര്‍ജ്ജിക്കുകയാണ്.
പുതുതായി പ്രഖ്യാപിച്ച ഇലക്‌ട്രിക് വാഹനങ്ങളില്‍ എട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എസ്‌യുവികളും ഉണ്ടാകുമെന്ന് മഹീന്ദ്ര അറിയിച്ചു.
2027ഓടെ എസ്‌യുവി, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹന വിഭാഗങ്ങളിലായി 16 ഇലക്‌ട്രിക് വാഹനങ്ങള്‍ കമ്ബനി പുറത്തിറക്കും എന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2027 ഓടെ മൊത്തം യുവി (യൂട്ടിലിറ്റി വാഹനങ്ങള്‍) വോളിയത്തിന്റെ 20 ശതമാനമെങ്കിലും ഇലക്‌ട്രിക് വാഹനങ്ങള്‍ ആയിരിക്കുമെന്ന് കരുതുന്നതായും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരിക്കര്‍ വ്യക്തമാക്കി.
എസ്‌യുവിയില്‍, 2027 ഓടെ 13 പുതിയ ലോഞ്ചുകള്‍ക്ക് ശ്രമിക്കുന്നതായും അതില്‍ എട്ടെണ്ണം ഇലക്‌ട്രിക് ആയിരിക്കുമെന്നും അദ്ദേഹം ഒരു വെര്‍ച്വല്‍ വരുമാന സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2027 ഓടെ മൊത്തം യുവി (യൂട്ടിലിറ്റി വാഹനങ്ങള്‍) വോളിയത്തിന്റെ 20 ശതമാനമെങ്കിലും ഇലക്‌ട്രിക് വാഹനങ്ങള്‍ ആയിരിക്കുമെന്ന് കരുതുന്നതായും രാജേഷ് ജെജുരിക്കര്‍ പറയുന്നുണ്ട് .
2025-27 കാലയളവില്‍ നാല് പുതിയ ഇ-എസ്‌യുവികളുമായി കമ്പനി എത്തിയേക്കും. അതേസമയം ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) സെഗ്‌മെന്‍റിലും 2027 ഓടെ എട്ട് ഇവി ലോഞ്ചുകള്‍ നടത്താനാണ് മഹീന്ദ്രയുടെ പദ്ധതി. കമ്പനിക്ക് ഇലക്‌ട്രിക്കില്‍ വ്യക്തമായി പദ്ധതികള്‍ ഉണ്ടെന്നും ഈ ഇലക്‌ട്രിക്കുകളില്‍ ചിലത് പൂര്‍ണ്ണമായും പുതിയതായിരിക്കും എന്നും ബാക്കിയുള്ളത് നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ തന്നെയായിരിക്കുമെന്നും ജെജുരിക്കര്‍ കൂട്ടിച്ചേര്‍ത്തു.
EV-കളില്‍ 3,000 കോടി രൂപ നിക്ഷേപിക്കാനുള്ള ഉദ്ദേശ്യം കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഇലക്‌ട്രിക്ക് വാഹന വിഭാഗത്തോടുള്ള കമ്പനിയയുടെ സമീപനത്തിന്‍റെ ഗൌരവം പ്രതിഫലിപ്പിക്കുന്നു. 2027-ഓടെ ഇ-എസ്‌യുവികള്‍ക്കായി പ്രത്യേകമായി ഒരു പുതിയ ബ്രാന്‍ഡ് നാമം അവതരിപ്പിക്കാനും മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍, പ്രധാനമായും രണ്ട് ചെറുകിട വാണിജ്യ വാഹനങ്ങളും കാറുകളും ഉള്‍പ്പെടുന്നതാണ് മഹീന്ദ്രയുടെ ഇലക്‌ട്രിക് വാഹന ശ്രേണി.