അബൂദബി: നിയമലംഘനം നടത്തിയ സലൂണുകളും ബ്യൂട്ടി പാർലറുകളും അബൂദബി മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. മുനിസിപ്പാലിറ്റി അധികൃതർ നടത്തിയ പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കാണ് പൂട്ടുവീണത്. ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിലവാരം കുറഞ്ഞ വസ്തുക്കൾ സലൂണുകളിലും ബ്യൂട്ടിപാർലറുകളിലും ഉപയോഗിക്കുന്നുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിനുവേണ്ടിയാണ് അധികൃതർ വ്യാപകമായ പരിശോധനകൾക്കു തുടക്കംകുറിച്ചത്.
കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളോ അപകടകരമായ രാസവസ്തുക്കളോ ഉപയോഗിക്കുകയോ വൃത്തിഹീനമായ നടപടികളോ ഉണ്ടാവരുതെന്ന് മുനിസിപ്പൽ അധികൃതർ സലൂണുകൾക്കും ബ്യൂട്ടിപാർലറുകൾക്കും നിർദേശം നൽകി.ലേബൽ ഇല്ലാത്ത ഹെർബൽ ഉൽപന്നങ്ങളും കാലാവധി കഴിഞ്ഞ സൗന്ദര്യവർധകവസ്തുക്കളും സൂക്ഷിക്കരുത്. ബ്ലാക്ക് ഹെന്നയോ അല്ലെങ്കിൽ ഡൈയോ സലൂണുകളിൽ വ്യാപകമായി ഉപയോഗിക്കുന്നതായും ഉപകരണങ്ങൾ വൃത്തിരഹിതമാണെന്നും നേരത്തേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിയമലംഘനം നടത്തരുതെന്ന മുന്നറിയിപ്പ് നൽകിയ ഉദ്യോഗസ്ഥർ ഇത്തരം നടപടികൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു