കൊച്ചി:ജോജുവിന്റെ കാർ തകർത്ത കേസിൽ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പി ജി ജോസഫ് ഉൾപ്പടെയുള്ളവരുടെ ഹർജിയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ പ്രതികളായ ടോണി ചമ്മണി ഉൾപ്പടെയുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു. കൊച്ചി മുൻമേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേർക്കാണ് എറണാകുളം സിജെഎം കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ.സ്വകാര്യ വ്യക്തികളുടെ സ്വത്ത് നശിപ്പിക്കുന്നതു തടയാനും നഷ്ടപരിഹാരം നൽകാനുമുള്ള നിയമപ്രകാരം പ്രതികൾ ഓരോരുത്തരും 37,500 രൂപ വീതമോ, ഒരുമിച്ച് 1,87,500 രൂപയോ കോടതിയിൽ കെട്ടിവയ്ക്കണം. പരാതിക്കാരനായ ജോജുവിനെ തടയുകയോ തൊഴിൽ തടസപ്പെടുത്തുകയോ ചെയ്യരുത്, ജോജുവിന്റെ സമാധാന ജീവിതവും സഞ്ചാര സ്വാതന്ത്ര്യവും തടസപ്പെടുത്തരുത്, തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നീ വ്യവസ്ഥകളുമുണ്ട്.
നവംബർ ഒന്നിന് വൈറ്റിലയിൽ നടന്ന ഉപരോധത്തിനിടെയാണ് ജോജുവിന്റെ കാർ ആക്രമിക്കപ്പെട്ടത്. . ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ട് ഹാജരാക്കി. എട്ടു പ്രതികളുള്ള കേസിൽ ജാമ്യം ലഭിച്ച പ്രതികൾ അങ്ങനെയാണ് 1.87 ലക്ഷം രൂപ കെട്ടിവയ്ക്കാൻ കോടതി നിർദ്ദേശിച്ചത്. കാറിന്റെ നിലവിലെ വിപണി വിലയനുസരിച്ചുള്ള തുക കെട്ടിവയ്ക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും, കാർ പൂർണമായും തകർന്നതായി പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി നിരസിച്ചു. ടോണി ചമ്മണിയടക്കമുള്ള പ്രതികൾ പ്രമുഖ പാർട്ടിയുടെ നേതാക്കളാണെന്നതിനാൽ ജാമ്യം ലഭിച്ചാൽ ഒളിവിൽ പോകാനിടയില്ലെന്നും, പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി നിരീക്ഷിച്ചു.