അബുദാബി: മതത്തിന്റെ പേരിലുള്ള വിവേചനങ്ങൾക്കും ശത്രുതയ്ക്കുമെതിരെ (hatred or discrimination) മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ (UAE Public Prosecution). മതങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾക്ക് അഞ്ച് വർഷം ജയിൽ ശിക്ഷയും 2,50,000 ദിർഹം മുതൽ ഇരുപത് ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ യുഎഇ പ്രോസക്യൂഷൻ മുന്നറിയിപ്പ് നൽകി.
ദൈവ വിശ്വാസത്തെ വ്രണപ്പെടുത്തുക, ദൈവത്തെ അധിക്ഷേപിക്കുക, അനാദരവ് കാണിക്കുക തുടങ്ങിയവയും ഏതെങ്കിലും മതത്തെയോ അവയുടെ പുണ്യ വസ്തുക്കളെയോ ഏതെങ്കിലും ആചാരങ്ങളെയോ അധിക്ഷേപിക്കുക, വെല്ലുവിളിക്കുക, അപമാനിക്കുക തുടങ്ങിയവയും അംഗീകൃത മത ചടങ്ങുകളെ അക്രമത്തിലൂടെയോ ഭീഷണികളിലൂടെയോ തടസപ്പെടുത്തുന്നതും യുഎഇ നിയമപ്രകാരം കുറ്റകരമാണ്.
പുണ്യഗ്രന്ഥങ്ങളെ ഏതെങ്കിലും വിധത്തിൽ അപമാനിക്കുന്നതും നശിപ്പിക്കുന്നതും വികൃതമാക്കുന്നതും കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരും. ദൈവദൂതന്മാരെയും അവരുടെ ഇണകളെയും കുടുംബങ്ങളെയും അനുചരന്മാരെയും അപമാനിക്കുന്നതും അനാദരവ് കാണിക്കുന്നതും യുഎഇയിൽ ശിക്ഷാർഹമാണ്. ഇതിന് പുറമെ ആരാധനാലയങ്ങളുടെയും ശ്മശാനങ്ങളുടെയും പവിത്രതയ്ക്ക് കളങ്കമുണ്ടാക്കുക, അവയ്ക്ക് നാശ നഷ്ടങ്ങൾ വരുത്തുക തുടങ്ങിയ കാര്യങ്ങളും ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അറിയിപ്പിൽ പറയുന്നു.