മധ്യപ്രദേശ്: ഭോപാൽ ആശുപത്രിയിലെ തീപിടുത്തത്തിൽ എട്ട് നവജാത ശിശുക്കൾ കൂടി മരിച്ചു. ഇന്നലെ നാല് നവജാത ശിശുക്കൾ മരിച്ചിരുന്നു. ഇതോടെ ആകെ മരണസംഖ്യ പന്ത്രണ്ടായി. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഭോപാലിലെ കമല നെഹ്റു ആശുപത്രിയിൽ തീപിടുത്തമുണ്ടാകുന്നത്. ആശുപത്രിയുടെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന നവജാതശിശുക്കൾക്ക് വേണ്ടിയുള്ള പ്രത്യേക പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമനസേന തീ അണച്ചെങ്കിലും 4 നവജാതശിശുക്കൾ മരിച്ചു. സംഭവസമയത്ത് വാർഡിൽ ഉണ്ടായിരുന്ന 40 കുട്ടികളിൽ മുപ്പത്തിയാറ് കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. വാർഡിൽ പുക ഉയരുന്നത് കണ്ടതോടെ ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന രക്ഷിതാക്കൾ ഓടിക്കൂടിയത് രക്ഷാപ്രവർത്തനത്തിന് ആശയ കുഴപ്പം സൃഷ്ടിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. അസിസ്റ്റന്റ് ഹെൽത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. അതേസമയം, മരിച്ച കുട്ടികളുടെ കുടുംബത്തിന് സർക്കാർ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.