കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ 3 പേർ വാഹനാപകടത്തിൽ മരിച്ച കേസുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് പോലീസിന് കണ്ടെത്താനായില്ല. മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ ലഭ്യമായില്ല.
ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പോലീസ് അറിയിച്ചു. തുടർനടപടി ആലോചിച്ച് തീരുമാനിക്കാനാണ് നീക്കം. ഇന്നലെ പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. നമ്പർ 18 ഹോട്ടലിൽ ഇന്ന് ഉച്ചയോടെയാണ് പോലീസ് വീണ്ടും പരിശോധന നടത്തിയത്.
ഇന്നലെയും ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും ഡിജെ പാർട്ടിയുടെ ദൃശ്യം കണ്ടെത്താനായിരുന്നില്ല. അപകടം നടന്നതിൻ്റെ പിറ്റേന്ന് ഹാർഡ് ഡിസ്ക്ക് ഹോട്ടലുകാർ മാറ്റിയെന്നാണ് സംശയം. പോലീസിന് കൈമാറിയ ഡിവിആറിൽ പാർട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാർഡ് ഡിസ്ക്കിനായി വീണ്ടും പരിശോധന നടത്തിയത്. ഹാർഡ് ഡിസ്ക്കിൻ്റെ പാസ് വേഡ് അറിയില്ലെന്നായിരുന്നു ഇന്നലെ ജീവനക്കാർ പറഞ്ഞത്.