കുവൈത്ത് സിറ്റി: ലോകത്തിൽ ഏറ്റവും കൂടുതൽ തണുപ്പും ചൂടും അനുഭവപ്പെടാറുള്ള രാജ്യങ്ങളിലൊന്നായ കുവൈത്തിൽ ഇപ്പോൾ ഏറ്റവും നല്ല കാലാവസ്ഥ. ചൂടും തണുപ്പും മിതമായ ഇൗ സമയത്ത് തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിക്കേണ്ടി വരുന്നില്ല. എ.സിയിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ചൂടും ഇല്ല. നവംബർ അവസാനത്തോടെ രാജ്യം തണുപ്പിലേക്ക് മാറും. ഇപ്പോൾ നേരിയ കുളിരുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലും ഫെബ്രുവരി ആദ്യ വാരവും ശക്തമായ തണുപ്പ് അനുഭവപ്പെടും.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മിത ശീതോഷ്ണമായിരിക്കും. പിന്നീട് വീണ്ടും കനത്ത ചൂടിലേക്ക് കടക്കും. ലോകരാജ്യങ്ങളിലെ താപനില രേഖപ്പെടുത്തുന്ന ആഗോള വെബ്സൈറ്റായ എൽഡോറാഡോയുടെ റിപ്പോർട്ട് അനുസരിച്ച് വേനലിൽ ലോകത്തിൽ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയ 15ൽ എട്ട് സ്ഥലങ്ങളും കുവൈത്തിലാണ്.
മഴക്കാലത്തിന് മുന്നോടിയായി വിവിധ സർക്കാർ വകുപ്പുകൾ തയാറെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, അഗ്നിശമന വകുപ്പ്, നാഷനൽ ഗാർഡ് തുടങ്ങിയവയാണ് തയാറെടുപ്പ് നടത്തിയത്.