തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷം. മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. സഭയിൽ തിരുത്തിയതിന് മുമ്പ് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചത് അവകാശ ലംഘനമാണ്.
സംയുക്ത പരിശോധന ഉന്നതാധികാര സമിതി യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ്. മന്ത്രിയുടെ മറുപടി സഭയെ അവഹേളിക്കുന്നതും ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുന്നതുമാണ്. സുപ്രിംകോടതിയിൽ കേരളത്തിൻ്റെ കേസ് ഇല്ലാതാകുന്നെന്നും അദ്ദേഹം പറഞ്ഞു.
വനം മന്ത്രി ഉൾപ്പെടെയുള്ളവർ കേരളത്തോട് സമാധാനം പറയണമെന്ന് പറഞ്ഞ അദ്ദേഹം മുല്ലപ്പെരിയാറിലെ മരം മുറിക്കൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. സുപ്രിംകോടതിയിലെ കേസ് തോറ്റുകൊടുക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. സർക്കാർ ജനങ്ങളെ കബളിപ്പിച്ചെന്നും നിയമ സഭയെ പരിഹസിച്ചെന്നും വി ഡി സതീശൻ ആരോപിച്ചു.
മരം മുറി ഉത്തരവ് ഇതുവരെ റദ്ദാക്കിയില്ലെന്നും വനം മന്ത്രി അടക്കം ഉള്ളവർ ഉത്തരവാദിത്വം പറയണമെന്നും വി ഡി സതീശൻ പറഞ്ഞു. മരമുറി അനുമതി നൽകിയത് മുഖ്യമന്ത്രി അറിഞ്ഞാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശേഷം പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോയി.
അതേസമയം മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയെന്ന് സർക്കാർ നിയമസഭയിൽ സമ്മതിച്ചു. കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സർക്കാർ മേൽനോട്ട സമിതിയുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.