തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എം മുകേഷ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പൗരന്മാര്ക്ക് മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടാനാ ദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്.
ആ അവകാശത്തിന്മേല് കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിൻ്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ പോലും തങ്ങള്‍ക്കു ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പിച്ചു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വളരെ വ്യക്തമാണ്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഷൂട്ടിംഗ് സ്ഥലത്ത് അക്രമം നടത്തുകയും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നതും ഫാസിസ്റ്റു മനോഭാവമാണ്. ഇത്തരം ക്രിമിനല്‍ നടപടി വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം പ്രശ്നങ്ങൾ നേരത്തെയും ഉണ്ടായിരുന്നു. എന്നാൽ കുറേക്കാലമായി അത്തരം സംഭവങ്ങള്‍ അന്യമാണ്. സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാന്‍ സമ്മതിക്കാത്തവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാള സിനിമയിലെ തൊഴിൽ അന്തരീക്ഷം കലുഷിതമാകുന്നുവെന്നും സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്നു എന്നും മുകേഷ് പറഞ്ഞു. നടൻ ജോജു ജോർജിനെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നുവെന്നും പൃഥ്വിരാജ്, ശ്രീനിവാസൻ എന്നിവരുടെ ഷൂട്ടിംഗ് സെറ്റുകളിലേക്ക് മാർച്ച് നടന്നുവെന്നും അദ്ദേഹം പറഞ്ഞു.