കൊച്ചി: കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻറ് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് വെളുപ്പിനെ ആറ് മണിക്ക് ശേഷമാണ് സ്റ്റാൻ്റിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ മുകളിലത്തെ നിലയിൽ തീപിടുത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. പുലർച്ചെ സമയമായിരുന്നതിനാൽ കെട്ടിടത്തിൽ ആളുകൾ ആരും ഇല്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.
കോതമംഗലം ഫയർഫോഴ്സിലെ 2 യൂണിറ്റ് എത്തിയാണ് രണ്ട് മണിക്കൂറോളം നീണ്ട് നിന്ന പരിശ്രമത്തിനൊടുവിൽ തീയണച്ചത്. കെട്ടിടത്തിനുള്ളിലെ രണ്ട് കടകൾ പൂർണമായും കത്തി നശിച്ചു.
മറ്റ് കടകളിലും ചെറിയ രീതിയിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്. നാല് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.