മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രമായ ‘പുലിമുരുകനു’ (Pulimurugan) ശേഷം വൈശാഖും (Vysakh) മോഹൻലാലും (Mohanlal) ഒന്നിക്കുന്ന ചിത്രത്തിൻറെ പേര് ‘മോൺസ്റ്റർ’ (Monster). ‘ലക്കി സിംഗ്’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടക്കമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹൻലാൽ കഥാപാത്രത്തിൻറെ ലുക്കാണ് പോസ്റ്ററിൽ. ആക്ഷന് പ്രാധാന്യമുള്ള ചിത്രമെന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്നതാണ് പോസ്റ്റർ. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും.
പുലിമുരുകൻറെയും രചന നിർവ്വഹിച്ച ഉദയ് കൃഷ്ണയാണ് മോൺസ്റ്റർ എഴുതുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, സംഘട്ടനം സ്റ്റണ്ട് സിൽവ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ തുടങ്ങിയവരാണ് അണിയറയിൽ.
പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം വരുന്നതായി 2019 ഒക്ടോബറിലാണ് ആദ്യം വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ അതുസംബന്ധിച്ച അപ്ഡേറ്റുകൾ പിന്നീട് ഉണ്ടായില്ല. പിന്നീട് കഴിഞ്ഞ മാസാവസാനമാണ് ഇതു സംബന്ധിച്ച് പുതിയ വിവരം പുറത്തുവരുന്നത്. മരക്കാർ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ആൻറണി പെരുമ്പാവൂർ നടത്തിയ വാർത്താസമ്മേളനത്തിൽ ഈ ചിത്രത്തെക്കുറിച്ചും പറഞ്ഞിരുന്നു. ഒടിടി റിലീസ് ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നാണ് ആൻറണി പറഞ്ഞത്. മരക്കാർ ഉൾപ്പെടെ ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന, ഒടിടി റിലീസ് ആയി തീരുമാനിക്കപ്പെട്ടിരിക്കുന്ന അഞ്ച് മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് മോൺസ്റ്റർ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F449317106561560&show_text=true&width=500