തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവ് ഇന്നും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ സബ്മിഷനായി വിഷയം ഉന്നയിക്കും. മരംമുറിക്കൽ ഉത്തരവിറക്കും മുമ്പ് കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധന സംബന്ധിച്ച വീഴ്ചകളാകും പ്രതിപക്ഷം ഉന്നയിക്കുക.
വകുപ്പിൽ നടക്കുന്ന ഒരുകാര്യവും മന്ത്രി അറിയാത്തത് അടക്കം പ്രതിപക്ഷം ആയുധമാക്കും. പരിശോധന നടത്തിയില്ലെന്നായിരുന്നു വനംമന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞത്.
രേഖകൾ പുറത്തായതിന് പിന്നാലെ മറുപടി തിരുത്താൻ സ്പീക്കർക്ക് മന്ത്രി നോട്ട് നൽകിയിരുന്നു. സംയുക്ത പരിശോധന അറിഞ്ഞില്ലെന്നായിരുന്നു എ കെ ശശീന്ദ്രൻ പറഞ്ഞത്. വിഷയത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം പ്രതിപക്ഷം ചോദ്യംചെയ്യും. പ്രതിപക്ഷ വിമർശനങ്ങളോട് മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കുമോ എന്നതും അറിയേണ്ടിയിരിക്കുന്നു.