വളാഞ്ചേരി: കടയിൽ രഹസ്യമായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പോലീസ് പിടികൂടി. ബസ് സ്റ്റാൻഡിന് സമീപം പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന കെ പി സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് അഞ്ഞൂറോളം പാക്കറ്റ് നിരോധിത ഹാൻസ് വളാഞ്ചേരി പോലീസ് പിടിചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് വൈക്കത്തൂർ കാരപറമ്പിൽ ഇല്യാസിനെ (26) വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷ്, എസ് ഐ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. വർധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ജില്ല പോലീസ് മേധാവി സുജിത് ദാസിൻ്റെ നിർദേശാനുസരണം വളാഞ്ചേരി മേഖലയിൽ പരിശോധന കർശനമാക്കിയിരുന്നു.
ഇതിൻ്റെ ഭാഗമാ യാണ് കടയിൽനിന്ന് മറ്റു സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 15 പാക്കറ്റുകൾ അടങ്ങുന്ന 32 വലിയ പാക്കറ്റുകളിലായി 480 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന സാഹചര്യത്തിൽ കുട്ടികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കുമായി വിതരണം ചെയ്യാനാണ് പ്രതി ഇവ സൂക്ഷിച്ചു വെച്ചതെന്ന് പോലീസ് പറഞ്ഞു.