തിരുവനന്തപുരം: മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപാടിൽ ട്രാഫിക്ക് ഐജി ലക്ഷ്മണക്ക് സസ്പെൻഷൻ . ഇതുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു. ഐ.ജിക്കെതിരെ നടപടി ശിപാർശ ചെയ്തുള്ള റിപ്പോർട്ട് വിജിലൻസ് സർക്കാറിന് കൈമാറിയിരുന്നു.ട്രാഫിക് ഐ.ജിയായ ലക്ഷ്മണക്കെതിരെ നടപടി ശിപാർശ ചെയ്യുന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്.ഐ .ജിയും മോൻസണുമായുള്ള വഴിവിട്ട ബന്ധം സംബന്ധിച്ച് നിരവധി പരാതികൾ ക്രൈംബ്രാഞ്ചിന് നേരത്തെ ലഭിച്ചിരുന്നു.
മോൻസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോൻസണിന്റെ മാനേജറുമായി ഐജി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിന്റെ തെളിവുകളാണ് പുറത്തായത്. ഐ ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർക്കും മോൻസണുമായി ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു.ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരി വഴി മോൻസന്റെ പുരാവസ്തുക്കൾ ലക്ഷ്മണ വില്പന നടത്താൻ ശ്രമിച്ചതിന്റെയും വിവരങ്ങളും പുറത്തായിട്ടുണ്ട്.