കൊച്ചി: സംസ്ഥാനത്തെ വിദേശമദ്യ ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് പുതുതായി 175 വില്പ്പനകേന്ദ്രങ്ങള് ആരംഭിക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിച്ചതായി എക്സൈസ് കമീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. ബവ്കോ മാനേജിങ് ഡയറക്ടര്‍ ഈ നിര്‍ദേശം സര്‍ക്കാരിന് കൈമാറിയതായും കമീഷണര്‍ വ്യക്തമാക്കി.
മദ്യഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് കമീഷണര്‍ വിശദീകരണം നല്‍കിയത്. കേരളത്തില്‍ 1,13,000 പേര്‍ക്ക് ഒരു റീട്ടെയില്‍ ഷോപ്പുവീതമാണുള്ളതെന്നും സംസ്ഥാനത്താകെ 306 വിദേശമദ്യ ഷോപ്പുകളാണുള്ളതെന്നും കമീഷണര്‍ അറിയിച്ചു.
തമിഴ്നാട്ടില്‍–-6320, കര്‍ണാടക–- 8737, ആന്ധ്ര–-4380, തെലങ്കാന–-2200 എന്നിങ്ങനെയാണ് അയല്‍സംസ്ഥാനങ്ങളിലെ കടകളുടെ എണ്ണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ ക്യൂ ഒഴിവാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ബവ്കോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും നിര്‍ദേശം നല്‍കിയതായും സത്യവാങ്മൂലത്തില്‍ കമീഷണര്‍ അറിയിച്ചു.