ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ക്കിടെ പഞ്ചാബ് (Punjab) മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയും (Charanjith singh channi) പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവും(Navjot Sidhu) തമ്മില്‍ കൂടിക്കാഴ്ച നടത്തി. പ്രശ്നപരിഹാരത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
അഡ്വക്കേറ്റ് ജനറല്‍ എപിഎസ് ഡിയോളിനെ മാറ്റിയതായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. പുതിയ അഡ്വക്കറ്റ് ജനറലിനെ നാളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിയോള്‍ നവംബര്‍ ഒന്നിന് രാജിക്കത്ത് കൈമാറിയിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിക്കത്ത് കൈമാറിയതെന്നാണ് ഡിയോള്‍ പറഞ്ഞത്. സിഖ് വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതില്‍ പ്രതിേഷധിച്ചവരുടെ നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ ആരോപണവിധേയനായ മുന്‍ ഡി.ജി.പി സുമേദ് സിങ് സൈനിയുടെ കോണ്‍സല്‍ ആയിരുന്നു ഡിയോള്‍.
പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് എപിഎസ് ഡിയോളിനെ മാറ്റി പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാല്‍ മാത്രമേ താന്‍ ഓഫിസില്‍ തിരിച്ചെത്തൂവെന്ന് സിദ്ദു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണഅ ഡിയോളിനെ മാറ്റിയതായുള്ള പ്രഖ്യാപനം. രാജി പിന്‍വലിക്കുകയാണ്. എന്നാല്‍ പുതിയ എജിയെ നിയമിക്കുന്ന അന്ന് ഓഫിസിലെത്തി ചുമതലയേറ്റെടുക്കും എന്നായിരുന്നു സിദ്ദുവിന്റെ വാക്കുകള്‍.