ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ എട്ടു വിക്കറ്റിനു തകര്‍ത്ത് കേരളം പ്രീക്വാര്‍ട്ടറില്‍ കടന്നു. മധ്യപ്രദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം മറികടന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണും സച്ചിന് ബേബിയുമാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്.
വിജയത്തോടെ കേരളത്തിന് ഗ്രൂപ്പ് ഡിയില്‍ അഞ്ച് കളികളില്‍നിന്ന് 12 പോയന്റായി. സച്ചിന് ബേബി 27 പന്തില്‍ നിന്ന് മൂന്ന് സിക്സും നാലു ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍ സഞ്ജു 33 പന്തില്‍ നിന്ന് മൂന്ന് സിക്സും നാലു ഫോറുമടക്കം 56 റണ്‍സടിച്ചു.
ഓപ്പണര്‍മാരായ രോഹന് കുന്നുമ്മല്‍ (29), മുഹമ്മ് അസ്ഹറുദ്ദീന് (21) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് മധ്യപ്രദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ രജത് പാട്ടിദാറാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്‍. 49 പന്തുകള്‍ നേരിട്ട താരം 77 റണ്‍സെടുത്തു.
കുല്‍ദീപ് ഗേഹി (31), ക്യാപ്റ്റന്‍ പാര്‍ത് സഹാനി (32) എന്നിവരാണ് രജതിന് ശേഷം മധ്യപ്രദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.