തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തിൽ രൂക്ഷവിമർശനം. ജോജുവിനെതിരായ സമരം സിനിമാ മേഖലയാകെ പടർത്തരുതെന്ന് യോഗത്തിൽ പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. സിനിമ സർഗാത്മക പ്രവർത്തനമാണ് ഈ വ്യവസായത്തെ തടയുന്ന രീതി ശരിയല്ലെന്നും സുധാകരൻ വിമർശിച്ചു. ഇക്കാര്യം യൂത്ത് കോൺഗ്രസിനെ അറിയിക്കാനും തീരുമാനിച്ചു.
ജോജുവിനെതിരെ ഇന്നും യൂത്ത് കോണ്‍ഗ്രസിൻ്റെ സമരപരിപാടിയുണ്ടായിരുന്നു. സ്റ്റാര്‍ എന്ന ജോജുവിന്റെ ചിത്രം പ്രദർശിപ്പിച്ച എറണാകുളം ഷേണായീസ് തീയേറ്ററിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജോജുവിന്റെ ചിത്രം പതിച്ച റീത്തുമായിട്ടായിരുന്നു പ്രകടനം. തീയേറ്ററിന് മുന്നില്‍ റീത്ത് വെക്കുകയും ചെയ്തു
അതേസമയം ജോജുവിൻ്റെ കാർ തല്ലിത്തകര്‍ത്ത കേസിൽ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ ആറ് നേതാക്കളുടെ ജാമ്യേപക്ഷയിൽ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും.