തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി നല്‍കിയതില്‍ നടപടി വേണമെന്ന് എന്‍സിപി. ഉത്തരവ് മന്ത്രി അറിയാതെ. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് നിലപാട്. പാര്‍ട്ടി നിലപാട് മന്ത്രി എ കെ ശശീന്ദ്രന് മുഖ്യമന്ത്രിയെ അറിയിച്ചു. ഇടതു മുന്നണി യോഗത്തിലും ഇത് സംബന്ധിച്ച നിലപാട് അറിയിച്ചേക്കും.
അതിനിടെ, മരംമുറിക്കൽ ഉത്തരവിൽ സർക്കാർ വാദം തള്ളുന്ന തെളിവ് പുറത്ത് വന്നു. സംയുക്ത പരിശോധന നടത്തിയതിൻ്റെ തെളിവാണ് ഇപ്പോൾ പുറത്ത് വന്നത്. പരിശോധന നടന്നത് മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ തീരുമാനപ്രകാരമാണെന്ന് ഇതോടെ വ്യക്തമായി.
ജൂൺ 11ന് കേരള-തമിഴ്നാട് വനം ഉദ്യോഗസ്ഥർ ബേബി ഡാം പരിസരത്ത് സംയുക്ത പരിശോധന നടത്തി. ബേബി ഡാം ബലപ്പെടുത്തലിനെ പരിശോധനയിൽ കേരളം എതിർത്തില്ല. 15 മരങ്ങൾ മുറിച്ചുനീക്കണമെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർ നടപടിക്കായി മരം മുറിക്കൽ അനുമതി തേടി ഓൺലൈൻ അപേക്ഷയും നൽകി. കേരളത്തിന് കത്തയച്ചത് മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജാണ്. ജലവിഭവ സെക്രട്ടറി ടി കെ ജോസിന് സെപ്തംബർ മൂന്നിനാണ് കത്ത് നൽകിയിരുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർ നടപടിയെടുത്തത്.