മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം വിപണിയിൽ തളർച്ച. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നഷ്ടത്തിൽ വിപണി ക്ലോസ് ചെയ്തു.
സെൻസെക്സ് 112.16 പോയന്റ് താഴ്ന്ന് 60,433.45ലും നിഫ്റ്റി 24.20 പോയന്റ് നഷ്ടത്തിൽ 18,044.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്വകാര്യ ബാങ്ക് ഓഹരികളാണ് പ്രധാനമായും സമ്മർദംനേരിട്ടത്. അതേസമയം, മിഡ്, സ്മോൾ ക്യാപുകളിൽ നേട്ടംതുടരുകയുംചെയ്തു. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കുന്നതിനാൽ കരുതലോടെയാണ് ആഗോള തലത്തിൽ നിക്ഷേപകർ വിപണിയിൽ ഇടപെട്ടത്.
ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഒഎൻജിസി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി, ജെഎസ്ഡബ്ല്യു സ്റ്റീൽ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.
ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. പവർ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ ഓഹരികളിൽ നിക്ഷേപക താൽപര്യം പ്രകടമായിരുന്നു. മെറ്റൽ, ബാങ്ക് ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു. ബിഎസ്ഇ മിഡ് ക്യാപ് 0.8ശതമാനവും സ്മോൾ ക്യാപ് 0.67ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.