ദോഹ: രാജ്യത്തെ വ്യാപാര-വ്യവസായ സ്ഥാനപങ്ങളിൽ വാണിജ്യ മന്ത്രാലയ വിഭാഗം നടത്തിയ പരിശോധനകളിൽ 103 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ മാസത്തിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിലോണ് നൂറിലേറെ നിയമലംഘനങ്ങൾ അധികൃതർ പിടികൂടിയത്.
5000 മുതൽ 30,000റിയാൽ വരെ വിവിധ സ്ഥാപനങ്ങൾക്ക് പിഴചുമത്തുകയും ചെയ്തു. ഇംഗ്ലീഷിനൊപ്പം അറബിയിൽ കൂടി ഇൻവോയ്സ് നൽകിയില്ല, ഉൽപ്പന്നത്തെ കുറിച്ചുള്ള വിവരണം അറബി ഭാഷയിൽ നൽകിയില്ല, പഴങ്ങളുടെയും പച്ചക്കറികളുടെയും വിലനിലവാര ബുള്ളറ്റിൻ ലഭ്യമാക്കിയില്ല, തിരിച്ചുനൽകിയ ഉൽപ്പന്നത്തിന് യഥാസമയം റീഫണ്ട് നൽകിയില്ല, ഓഫറുകളും വിലക്കിഴിവുകളും നൽകുന്നതിന് മുൻകൂർ അനുമതി വാങ്ങിയില്ല, കാലാവധി കഴിഞ്ഞ വസ്തുക്കൾ വിൽപ്പനയ്ക്ക് വെച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
കൃത്രിമ വിലക്കയറ്റം തടയുക, നിയമലംഘനങ്ങൾ കണ്ടെത്തൽ, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്കൊപ്പം വിപണികളും വാണിജ്യ പ്രവർത്തനങ്ങളും സ്ഥിരമായി നിരീക്ഷിക്കുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങളുടെയും കൂടി ഭാഗമായാണ് പരിശോധനാ കാംപയിനുകൾ നടന്നു വരുന്നത്.