ന്യൂഡൽഹി: ഇന്ത്യയിലെ അങ്കണവാടികളിൽ രജിസ്റ്റർചെയ്തിട്ടുള്ള 33 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് വനിത-ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
ഇതിൽ, 17.76 ലക്ഷം പേർ അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. മഹാരാഷ്ട്ര, ബിഹാർ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഇവരിലേറെയുമെന്ന് വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയ്ക്കു മറുപടിയായി മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ അങ്കണവാടിയിൽപ്പോകുന്ന 8.19 കോടി കുട്ടികളാണുള്ളത്. ഇതിൽ 33 ലക്ഷമെന്നുപറയുമ്പോൾ 4.04 ശതമാനമേ വരൂവെന്ന് മന്ത്രാലയ ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
കഴിഞ്ഞവർഷം നവംബറിൽ 9.27 ലക്ഷമായിരുന്നു അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികൾ. ആ സ്ഥാനത്താണ് ഇപ്പോൾ 17.76 ലക്ഷമായത്. കുട്ടികളിലെ പോഷകാഹാരക്കുറവിന് കോവിഡ് മഹാമാരി ആക്കംകൂട്ടിയിട്ടുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ആറുവയസ്സുവരെയുള്ള കുട്ടികളുടെ കാര്യമാണ് കേന്ദ്രം വിലയിരുത്തിയത്. കഴിഞ്ഞവർഷം പുറത്തിറക്കിയ ‘പോഷൺ ആപ്പി’ൽ രേഖപ്പെടുത്തിയ വിവരമനുസരിച്ചുള്ളതാണ് പുതിയ കണക്ക്.
2015-16-ൽ നടത്തിയ ദേശീയ കുടുംബാരോഗ്യസർവേയിൽ അഞ്ചുവയസ്സിനു താഴെയുള്ള 38.4 ശതമാനം കുട്ടികൾക്ക് പ്രായത്തിനനുസരിച്ചുള്ള ഉയരവും 21 ശതമാനത്തിന് തൂക്കവുമില്ലെന്ന് കണ്ടെത്തിയിരുന്നു. കുട്ടികളിൽ പോഷകാഹാരക്കുറവ് കൂടുന്നതായി 2019-20-ൽ അനൗദ്യോഗിക റിപ്പോർട്ടും പുറത്തുവന്നു. 116 രാജ്യങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ ?ലോക വിശപ്പ് സൂചികയിൽ (ജി.എച്ച്.ഐ.) ഇന്ത്യ 101-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയ്ക്കുപിന്നിലാണ് ഇന്ത്യ.