കൊല്ലം: മലമ്പനി നിർമ്മാർജന പ്രവർത്തനങ്ങൾ സമ്പൂർണ്ണതയിലേക്കു എത്തിക്കുന്നതിൻ്റെ ഭാഗമായി കൊല്ലം ജില്ല മലമ്പനിമുക്ത പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ്. കൊല്ലത്ത് 2018നു ശേഷം തദ്ദേശീയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തത് ജില്ലയിലെ ആരോഗ്യരംഗത്തിനു അഭിമാനാർഹമായ നേട്ടമാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തുന്നവരിൽ മലമ്പനി കണ്ടെത്തിയ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കുകയാണ് ആരോഗ്യവകുപ്പ്.
ഇതിനായി ഡോക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ലബോറട്ടറി ടെക്നിഷ്യൻ എന്നിവരടങ്ങുന്ന മൈഗ്രേന്റ് ഇൻവെസ്റ്റിഗേഷൻ സ്ക്രീനിംഗ് ടീം ( മിസ്റ്റ് ) ആണ് പ്രവർത്തിക്കുന്നത്. ഇവർ രോഗബാധിതരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയും രോഗബാധ പടരുന്നതു തടയുകയും ചെയ്യും. മിസ്റ്റ് ടീം പ്രവർത്തനം വ്യാപകമാക്കി 2023നകം രോഗനിർമാർജ്ജനം ലക്ഷ്യത്തിൽ എത്തിക്കാൻ സാധിക്കുമെന്ന് കൊല്ലം ഡിഎംഒ അറിയിച്ചു.