മനാമ: തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്ന ദീർഘകാല പദ്ധതി തയാറാകുന്നു. തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ഹുമൈദാൻ ശൂറ കൗൺസിൽ അംഗങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. സ്വദേശികൾക്ക് ആദ്യ പരിഗണന നൽകുന്നത് തെൻറ മന്ത്രാലയത്തിെൻറ മാത്രമല്ല, വിവിധ സർക്കാർ വകുപ്പുകളുടെയും മുൻഗണന വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റക്കെട്ടായി വെല്ലുവിളികൾ തരണം ചെയ്ത് ഇൗ ലക്ഷ്യംനേടാൻ കഴിയും.
തൊഴിൽ മേഖലയിലും വളർച്ചനിരക്കിലും പ്രത്യാഘാതമുണ്ടാക്കിയ കോവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളികൾ മുന്നിലുണ്ട്. ഇപ്പോൾ രാജ്യം തിരിച്ചുവരവിെൻറ പാതയിലാണ്. ദീർഘകാലാടിസ്ഥാനത്തിൽ സ്വദേശികൾക്ക് തൊഴിലിൽ ആദ്യ പരിഗണന നൽകുകയെന്ന ലക്ഷ്യം നേടാനാകും.
സ്വദേശികളെയും വിദേശികളെയും നിയമിക്കുേമ്പാഴുള്ള ചെലവ് തമ്മിൽ സന്തുലിതത്വം കൈവരിക്കാൻ കഴിയണം. ലേബർ ഫീസ് ഉയർത്തി പ്രവാസികളെ നിയമിക്കാനുള്ള ചെലവ് വർധിപ്പിച്ച് ഇത് സാധ്യമാക്കാം. നിലവിൽ എൽ.എം.ആർ.എ വരുമാനത്തിെൻറ 80 ശതമാനവും ബഹ്റൈനികളുടെ പരിശീലനത്തിനും ശമ്പളത്തിനുമായി നൽകുകയാണ് ചെയ്യുന്നത്. പ്രതിവർഷം 100 മില്യൺ ദിനാറാണ് ഇത്തരത്തിൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.